ദോഹ: കോവിഡ് നിയന്ത്രണങ്ങൾ ക്രമേണ എടുത്തു കളയുന്ന സാഹചര്യത്തിൽ യാത്രക്കാരെ സ്വീകരിക്കുവാൻ പുതിയ നടപടികളുമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. ഖത്തറിലേക്ക് വരുന്ന യാത്രക്കാരെ വിവിധ ഗ്രൂപ്പുകളായി തിരിച്ചാണ് പ്രവർത്തനങ്ങൾ. നാലോളം ഗ്രൂപ്പുകളായാണ് യാത്രക്കാരെ തിരിക്കുന്നത്.
ഗ്രൂപ്പ് വൺ: ഖത്തറി പൗരന്മാർ, അവരുടെ പങ്കാളികൾ, കുട്ടികൾ, ഖത്തറിലെ സ്ഥിര താമസക്കാർ.
ഗ്രൂപ്പ് രണ്ട്: ഗുരുതരമായ അസുഖങ്ങളുള്ളവർ, 55 വയസോ അതിൽ കൂടുതലോ പ്രായമുള്ള ദുർബലരായ യാത്രക്കാർ എന്നിവർ
ഗ്രൂപ്പ് മൂന്ന്: ‘കുറഞ്ഞ അപകടസാധ്യതയുള്ള രാജ്യങ്ങളിൽ’ നിന്നുള്ള യാത്രക്കാർ
ഗ്രൂപ്പ് നാല്: ‘ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ’ നിന്നുള്ള യാത്രക്കാർ.
വിമാനത്താവളത്തിൽ വച്ച് തന്നെ എല്ലാ യാത്രക്കാരുടെയും ശരീരോഷ്മാവ് അളക്കും. യാത്രക്കാർ എഹ്തെറാസ് (EHTERAZ) മൊബൈൽ ആപ്ലിക്കേഷൻ നിർബന്ധമായും ഡൌൺലോഡ് ചെയ്തിരിക്കണം.
എല്ലാ യാത്രക്കാരും മെഡിക്കൽ അനാലിസിസ് ഫോം പൂരിപ്പിക്കുകയും, ക്വാറന്റൈൻ പാലിക്കാം എന്ന് സമ്മതിക്കുന്നതുമായ സമ്മതപത്രം സമർപ്പിക്കുകയും വേണം.
ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ’ നിന്നുള്ള യാത്രക്കാർ ഇമിഗ്രേഷനിൽ ഹോട്ടൽ ബുക്ക് ചെയ്ത രേഖകൾ ഉദ്യോഗസ്ഥർക്ക് സമർപ്പിക്കണം. എല്ലാ നടപടികളും പൂർത്തിയായി കഴിഞ്ഞാൽ യാത്രക്കാരെ ഡിസ്കവർ ഖത്തർ ജീവനക്കാർ അവർ ബുക്ക് ചെയ്ത ഹോട്ടലിലേക്ക് കൊണ്ടുപോകും.
മറ്റുള്ള എല്ലാ യാത്രക്കാരും വിമാനത്താവളത്തിലെ പരിശോധനകൾക്ക് ശേഷം നേരിട്ട് ഹോം ക്വാറന്റൈനിൽ പ്രവേശിക്കണം. ഇവർക്ക് സ്വകാര്യ വാഹനങ്ങളും, വിമാനത്താവളത്തിലെ ടാക്സികളും ഉപയോഗിക്കാം.
