ടോക്കിയോ ഒളിമ്പിക്സിൽ വീണ്ടും സ്വർണതിളക്കം ആഘോഷിക്കുകയാണ് ഖത്തർ ജനത. രണ്ടു തവണ ഹൈ ജമ്പ് ലോകചാമ്പ്യനായ മുതാസ് ബാർഷിമിലൂടെയാണ് ഖത്തർ രണ്ടാം ഒളിമ്പിക് ഗോൾഡ് സ്വന്തമാക്കിയിരിക്കുന്നത്. ഭാരോധ്വഹനത്തിൽ ഫാരെസ് ഇബ്രാഹിമിലൂടെയാണ് ഖത്തർ തങ്ങളുടെ ഒളിമ്പിക്സ് ചരിത്രത്തിലെ തന്നെ ആദ്യ സ്വർണം നേടിയെടുക്കുന്നത്. ചരിത്രം ബർഷിമിലൂടെ ആവർത്തിക്കപ്പെടുകയായിരുന്നു.
എന്നാലിപ്പോൾ ബാർഷിമിന്റെ സുവർണനേട്ടത്തെക്കാൾ കായികപ്രേമികൾ നെഞ്ചേറ്റിയത് താരത്തിന്റെ മറ്റൊരു പ്രവൃത്തിയാണ്. സ്വർണം ഒറ്റക്ക് നേടാൻ അവസരം ഒളിമ്പിക് ഒഫീഷ്യൽസ് മുന്നോട്ടു വെച്ചിട്ടും ഹൈ ജമ്പിൽ തന്റെ എതിരാളിയായ ജിയാൻമാർക്കോ ടാമ്പേരിയുമായി സ്വർണം പങ്കുവെക്കാൻ കാണിച്ച ബാർഷിമിന്റെ മനസിനാണ് കായികലോകം കയ്യടിച്ചിരിക്കുന്നത്.
Qatar's Mutaz Essa Barshim and Gianmarco Tamberi of Italy shared the men's high jump gold at the Tokyo Olympics today.#Tokyo2020 #Qatar #Olympics2020 #TeamQatarhttps://t.co/1XSUzYKjCr pic.twitter.com/udwaSTDQo0
— The Peninsula Qatar (@PeninsulaQatar) August 1, 2021
ഫൈനലിൽ ഇരുവരും 2.37 മീറ്റർ ചാടി സമനിലയിലെത്തി നിൽക്കുകയായിരുന്നു. 2.39 മീറ്റർ എന്ന ലക്ഷ്യം ഇരുവർക്കും മറികടക്കാനാവാഞ്ഞതോടെ ജമ്പ് ഓഫ് എന്ന അവസാന അവസരം അവർക്ക് മുന്നിലുണ്ടെന്ന് ഒഫീഷ്യൽ അറിയിക്കുകയായിരുന്നു. എന്നാൽ സ്വർണം പങ്കു വെക്കാനാവുമെന്ന് ഒഫീഷ്യൽ അറിയിച്ചതോടെ ജമ്പ് ഓഫ് എന്ന അവസാന അവസരത്തിനു കാത്തു നില്ക്കാതെ ബാർഷിം പങ്കുവെക്കലിന് ടാമ്പേരിക്ക് കൈ കൊടുക്കുകയായിരുന്നു.പിന്നീട് അവിടെ നടന്നത് ഏതൊരു കായികപ്രേമിയുടെയും കണ്ണ് നിറക്കുന്ന ഇരുവരുടെയും സന്തോഷപ്രകടനങ്ങളായിരുന്നു. ഒളിമ്പിക്സ് കായികമാമാങ്കത്തിലെ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ബാർഷിമിന്റെ ഈ സുവർണനേട്ടം.
