ദോഹ: അഫ്ഗാനിസ്ഥാനിലെ ഒഴിപ്പിക്കൽ ദൗത്യം ഖത്തർ തുടരുമെന്ന് വിദേശകാര്യ സഹമന്ത്രിയും വിദേശകാര്യ മന്ത്രാലയ വക്താവും ട്വിറ്ററിലൂടെ വ്യക്തമാക്കി. കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ ഖത്തർ 300 -ലധികം വിദ്യാർത്ഥിനികളെയും 200 -ലധികം മാധ്യമ പ്രവർത്തകരെയും ഒഴിപ്പിച്ചു, അവരിൽ പലരും കുടുംബത്തോടും കുട്ടികൾക്കുമൊപ്പം ദോഹയിൽ സുഖപ്രദമായ താമസസ്ഥലത്ത് സുരക്ഷിതരാണെന്ന് ട്വീറ്റിൽ ലോൽവ ബിൻത് റാഷിദ് അൽഖാതർ കൂട്ടിച്ചേർത്തു.
ആയിരങ്ങൾ കാബൂൾ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നുവെന്ന സിഎൻഎൻ ചീഫ് ഇന്റർനാഷണൽ കറസ്പോണ്ടന്റ് ക്ലാരിസ വാർഡിന്റെ ട്വീറ്റിന് പ്രതികരണമായാണ് ഖത്തറിന്റെ ഈ ദൗത്യം. മിഡിൽ ഈസ്റ്റ് – വടക്കൻ ആഫ്രിക്കയിലെ ഖത്തറിന്റെ മധ്യസ്ഥ പങ്കാളിത്തത്തിന് ബ്രിട്ടീഷ് സഹമന്ത്രിയായ ജെയിംസ് ക്ലെവെർലി തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ നന്ദി പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ അവസ്ഥയെക്കുറിച്ച് ഞാൻ നേരത്തെ തന്നെ ലോൽവ അൽഖാതറിനോട് സംസാരിക്കുകയായിരുന്നുവെന്നും ഖത്തറിന്റെ തുടർച്ചയായ മധ്യസ്ഥ പങ്കാളിത്തത്തിനും കാബൂളിൽ നിന്ന് ബ്രിട്ടീഷ് പൗരന്മാരെ ബ്രിട്ടനിലെത്തിക്കാൻ അവർ നൽകിയ സഹായത്തിനും നന്ദി പറയുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
യുഎൻ ഹൈക്കമ്മീഷണർ അഫ്ഗാനിസ്ഥാനിലെ ഖത്തർ ഭരണകൂടത്തിന്റെ ശ്രമങ്ങളെ പ്രശംസിച്ചു, ഈ ശ്രമങ്ങൾ അഭയാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കും മെച്ചപ്പെട്ട ജീവിതത്തിലേക്ക് നയിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
