ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയവും പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും ചേർന്ന് 2022ലെ ഒമ്പതാമത് ഖത്തർ അന്താരാഷ്ട്ര കാർഷിക പ്രദർശനവും മൂന്നാമത് ഖത്തർ അന്താരാഷ്ട്ര പരിസ്ഥിതി പ്രദർശനവും മാർച്ച് 10 മുതൽ 14 വരെ സംഘടിപ്പിക്കും.
ദോഹ എക്‌സിബിഷൻ & കൺവെൻഷൻ സെന്ററിൽ 650-ലധികം പ്രാദേശിക, അന്തർദേശീയ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് പരിപാടി.
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനിയുടെ രക്ഷാകർതൃത്വത്തിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.
ഖത്തറിലെ കാർഷിക മേഖലയുടെ പുരോഗതിക്കായി പുതിയ ചക്രവാളങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ള തന്ത്രപരമായ വേദിയായതിനാൽ എക്‌സിബിഷന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പബ്ലിക് പാർക്ക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറും എക്‌സിബിഷന്റെ സംഘാടക സമിതി ചെയർമാനുമായ മുഹമ്മദ് അലി അൽ ഖൗറി പറഞ്ഞു.
കൊറോണ മഹാമാരിക്ക് ശേഷം ഖത്തറിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ അന്താരാഷ്ട്ര വ്യാപാര പരിപാടിയായിരിക്കും പ്രദർശനമെന്ന് അൽ ഖൂരി പറഞ്ഞു.
കൃഷി, പരിസ്ഥിതി, ഭക്ഷണം, മൃഗ ഉൽപ്പാദനം തുടങ്ങിയ മേഖലകളിൽ നിന്നുള്ള 650-ലധികം പ്രാദേശിക, അന്തർദേശീയ കമ്പനികളുടെ പങ്കാളിത്തത്തിന് കാർഷിക പരിസ്ഥിതി പ്രദർശനം സാക്ഷ്യം വഹിക്കുമെന്നും ദോഹയിലെ എംബസികൾ, വാണിജ്യ ഓഫീസുകൾ എന്നിവ വഴി 50 ഓളം രാജ്യങ്ങൾ എക്സിബിഷനിൽ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. .
