അബുദാബി : ഇന്നലെ അബുദാബിയിൽ വെച്ച് നടന്ന ബിഗ് ടിക്കറ്റ് ” ഡ്രീം 12 മില്യൺ ‘ സീരീസ് 239 റാഫിൾ നറുക്കെടുപ്പിൽ അജ്മാനിലെ മലപ്പുറം മേലാറ്റൂർ സ്വദേശി മുജീബ് ചിറത്തൊടിക്കും കൂട്ടുകാർക്കും കോടികൾ പെരുന്നാൾ സമ്മാനമായി ലഭിച്ചു.
ഏപ്രിൽ 22 ന് വാങ്ങിയ 229710 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. മുജീബും കൂട്ടുകാരും പങ്കിട്ടാണ് ടിക്കറ്റ് വാങ്ങിയത്. ടിക്കറ്റിനു ലഭിച്ച സമ്മാനത്തുക കൃത്യമായി പങ്കുവയ്ക്കും. ഇവരെക്കൂടാതെ മറ്റ് രണ്ട് ഇന്ത്യൻ പ്രവാസികൾക്കും ഇതേ നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചു. ദുബായിലുള്ള വിശ്വനാഥൻ ബാലസുബ്രഹ്മണ്യൻ രണ്ടാം സമ്മാനമായ 10 ലക്ഷം ദിർഹം നേടിയെടുത്തു. ഏപ്രിൽ 26 നു വാങ്ങിയ 072051 നമ്പർ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
റാസൽഖൈമയിൽ താമസിക്കുന്ന പ്രവാസിമലയാളി ജയപ്രകാശ് നായർക്ക് മൂന്നാം സമ്മാനമായ 100,000 ദിർഹം ലഭിച്ചു. സമ്മാനം നേടിയ ടിക്കറ്റ് നമ്പർ 077562 ഏപ്രിൽ 21നാണ് ജയപ്രകാശ് വാങ്ങുന്നത്. “ഇത് തികച്ചും അപ്രതീക്ഷിതമായിരുന്നു. ഒരു കോടീശ്വരനാകുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല . എനിക്ക് സാമ്പത്തികമായി ധാരാളം ബുദ്ധിമുട്ടുകളുണ്ട്. കടം വീട്ടാനുണ്ട്. വർഷങ്ങളോളം ഇവിടെ ജോലി ചെയ്തതിന് ശേഷം കേരളത്തിൽ സ്വന്തമായി ഒരു വീട് പണിയാൻ സാധിച്ചു.അതിന്റെ വായ്പകൾ തിരിച്ചടയ്ക്കാനുണ്ട് . വായ്പാ കുടിശികകളെല്ലാം തീർക്കാം എന്നത് സന്തോഷം പകരുന്നു . പെരുന്നാൾ പ്രാർഥനകൾക്ക് ഉത്തരം ലഭിച്ചു എന്ന് വിശ്വസിക്കുന്നു. എന്റെ ഉമ്മയുടെയും കുടുംബത്തിന്റെയും പ്രാർഥന ദൈവം കേട്ടെന്ന് കരുതുന്നു.” മുജീബ് ചിറത്തൊടി പറഞ്ഞു.
2006 ലാണ് മുജീബ് യുഎഇയിലെത്തുന്നത്. അതിനുമുൻപ് 1996 മുതൽ സൗദി പ്രവാസിയായിരുന്നു. നിലവിൽ അൽ നഖ കുടിവെള്ള കമ്പനിയിൽ ടാങ്കർ ഡ്രൈവറായി ജോലിചെയ്യുകയാണ് 49കാരനായ മുജീബ്. പിതാവ് നേരത്തെ മരിച്ചു . അമ്മയും നാല് സഹോദരിമാരും ഭാര്യയും നാല് കുട്ടികളുമുണ്ട് . രണ്ട് പെൺകുട്ടികളും രണ്ട് ആൺമക്കളുമാണുള്ളത് . രണ്ടു വർഷമായി ബിഗ് ടിക്കറ്റ് വാങ്ങുന്ന ഒരാളാണ് മുജീബ്.
സമ്മാനം ലഭിച്ചതായി ബിഗ് ടിക്കറ്റ് പ്രതിനിധി റിച്ചാർഡിൽ നിന്ന് കോൾ വന്നപ്പോൾ മുജീബ് വാഹനത്തിൽ ഡീസൽ നിറയ്ക്കാനായി പമ്പിൽ നിൽക്കുകയായിരുന്നു. അതിനാൽ ഫോണെടുക്കാൻ സാധിച്ചില്ലെങ്കിലും പിന്നീട് തിരികെ വിളിച്ചപ്പോൾ ടിക്കറ്റിനു സമ്മാനം ലഭിച്ചുവെന്ന് അറിയുകയായിരുന്നു. ആദ്യം വിശ്വസിച്ചില്ലെങ്കിലും പിന്നീട് സുഹൃത്തുക്കൾ വിളിച്ചപ്പോൾ എല്ലാം യാഥാർഥ്യമാണമെന്ന് മനസ്സിലാവുകയായിരുന്നു.
