ദോഹ: വാഹന ബ്രാൻഡ് ലോഗോകളുടെ പരമാവധി എണ്ണം തിരിച്ചറിയുന്നതിൽ റെക്കോർഡിട്ട് ഖത്തറിലെ മലയാളി ബാലൻ. മലയാളികളായ ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ ഗ്യാസ്ട്രോഎൻട്രോളജി ഫിസിഷ്യൻ ഡോ. പോൾ കെ വിൻസെന്റിന്റെയും സിദ്ര മെഡിസിനിലെ എൻഡോക്രൈനോളജി ഫിസിഷ്യൻ ഡോ. ഷിഗ റപ്പായി ചിറയത്തിന്റെയും മകനായ മിഖായേൽ വിൻസെന്റ് പോളാണ് ഈ അവിസ്മരണീയ നേട്ടം സ്വന്തമാക്കിയത്. ബിർള പബ്ലിക് സ്കൂളിലെ (പ്രൈമറി 1) ഗ്രേഡ് 2 വിദ്യാർത്ഥിയാണ് മിഖായേൽ.
ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിങ്ങനെ രണ്ട് വ്യത്യസ്ത റെക്കോർഡ് ബുക്കുകളിലാണ് മിഖായേൽ ഇടം നേടിയത്. ഇലക്ട്രിക് കാറുകൾ, സ്പോർട്സ് കാറുകൾ, ആഡംബര കാറുകൾ, പെർഫോമൻസ് കാറുകൾ, സൂപ്പർകാറുകൾ, ഹെവി ഡ്യൂട്ടി ട്രക്കുകൾ, ബസ് ബ്രാൻഡുകൾ എന്നിവയുടെ ലോഗോകൾ ഉൾപ്പെടുന്ന 411 വാഹന ബ്രാൻഡ് ലോഗോകളാണ് മിഖായേൽ തിരിച്ചറിഞ്ഞത്.
എട്ട് മിനിറ്റും 42 സെക്കൻഡും കൊണ്ടാണ് ആറ് വയസ്സും ഏഴ് മാസവും 14 ദിവസവും പ്രായമുള്ള മിഖായേൽ റെക്കോർഡിട്ടത്. 2022 ഒക്ടോബർ 19നാണ് ഇത് സ്ഥിരീകരിച്ചത്. 2022 ജൂൺ 28-
ന് ബിർള പബ്ലിക് സ്കൂളിൽ നടന്ന ഒരു പ്രത്യേക അസംബ്ലിയിൽ നാല് മിനിറ്റിനുള്ളിൽ 195 ലോക രാജ്യങ്ങളുടെ പതാകകൾ തിരിച്ചറിഞ്ഞ ക്രെഡിറ്റും മിഖായേലിന്റെ നേട്ടങ്ങളിലുണ്ട്.
Content Highlights: BPS student enters two record books
