ദോഹ: രാജ്യം നിർദേശിച്ച കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഖത്തറിലെ ജനങ്ങൾ ഇന്നലെ വലിയ പെരുന്നാൾ ആഘോഷിച്ചു. രാജ്യത്തൊട്ടാകെയുള്ള ആയിരക്കണക്കിന് ജനങ്ങൾ കോവിഡ് വ്യാപനം തടയുന്നതിനുള്ള സുരക്ഷാ മുൻ കരുതലുകൾ സ്വീകരിച്ച് തെരഞ്ഞെടുക്കപ്പെട്ട 401 പള്ളികളിലും പള്ളി പരിപാലന വകുപ്പ് തയ്യാറാക്കിയ മറ്റു പ്രാർത്ഥനാ മൈതാനങ്ങളിലും ഈദ് അൽ അദാ പ്രാർത്ഥന നടത്തി.
അവ്കാഫ്, ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരും പ്രാർത്ഥനാ സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കാൻ ആളുകളെ സഹായിച്ചു.
പ്രാർത്ഥനയ്ക്കുശേഷം അറവുശാലകളിൽ ബലിയറുക്കുന്നതിഒനുള്ള തിരക്കായിരുന്നു. വിധാം വിതരണം ചെയ്ത കൂപ്പണുകൾ ഇതിനകം വാങ്ങിയ ആളുകൾ അറുത്ത ബലിമാംസം ലഭിക്കാൻ കമ്പനിയുടെ കൌണ്ടറുകൾക്കു മുന്നിൽ കാത്തുനിന്നു.
അറവുശാലകൾക്കു മുന്നിൽ പട്രോളിങ് ശക്ത്മായിരുന്നു. ആളുകൾ സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പു വരുത്താൻ ഇതിനാൽ കഴിഞ്ഞു.
കോർണിഷ്, ബീച്ചുകൾ, മറ്റ് പിക്നിക് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിരവധി സന്ദർശകരാണ് ഉണ്ടായിരുന്നത്. മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം ഇന്നലെ 10 പേരുടെ ശേഷിയിൽ പൊതു പാർക്കുകളിലെ കളിസ്ഥലങ്ങൾ വീണ്ടും തുറന്നിരുന്നു.
ബീച്ചുകളിലും സന്ദർശകബാഹുല്യം അനുഭവപ്പെട്ടു. സീലിൻ, അൽ വക്ര ഫാമിലി ബീച്ച്, ഖോർ അൽ ഉദയ്ദ്, ദുഖാൻ, അൽ മരോണ, അൽ ഗരിയ, അൽ മാഫീർ, ഫുവൈരിറ്റ് ബീച്ചുകളിൽ ആംബുലൻസ് സേവനങ്ങൾ ഉൾപ്പെടെ ആവശ്യമായ എല്ലാ സേവനങ്ങളും മന്ത്രാലയം നൽകി. അൽ വക്ര, സീലിൻ, സിമൈസിമ, അൽ ഖോർ എന്നിവയുൾപ്പെടെ ചില ബീച്ചുകൾ ഫാമിലി ബീച്ചുകളായിരുന്നു.
English summary: Qatari people celebrated Eid Al Adha
