ദോഹ: ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി (ക്യുആർസിഎസ്) യെമനിലെ പാവപ്പെട്ട കുട്ടികൾക്ക് പെരുന്നാളിനോട് അനുബന്ധിച്ച് പുതുവസ്ത്രങ്ങൾ വിതരണം ചെയ്തു. 2,400 ദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്കാണ് വസ്ത്രങ്ങൾ നൽകിയത്.
“ക്യുആർസിഎസിന്റെ പിന്തുണയോടെ കഴിഞ്ഞ വർഷങ്ങളിലെന്ന പോലെ ഇത്തവണയും കുട്ടികൾക്ക് പുതുവസ്ത്രം വിതരണം ചെയ്തു. കുട്ടികളുടെ സന്തോഷമാണ് ഞങ്ങൾ ഇതിലൂടെ ലക്ഷ്യം വക്കുന്നത് ”, യെമൻ റെഡ് ക്രസന്റ് സൊസൈറ്റി – തായിസ് എക്സിക്യൂട്ടീവ് മാനേജർ മുഖ്താർ അമിൻ പറഞ്ഞു.
“ഈ പദ്ധതി പ്രകാരം 45 ഡോളർ വിലമതിക്കുന്ന പ്രീപെയ്ഡ് വൗച്ചറുകളാണ് ഓരോ കുടുംബങ്ങൾക്കും നൽകുന്നത്. ഇത് ഉപയോഗിച്ചാണ് വസ്ത്രങ്ങൾ വാങ്ങിക്കാൻ കഴിയുക,” ക്യുആർസിഎസിന്റെ മിഷനിലെ പ്രോജക്ട് കോർഡിനേറ്റർ രാജ്‌വ അഹമ്മദ് വ്യക്തമാക്കി.
തായ്‌സ്, ധാലെ ഗവർണറേറ്റുകളിലെ 3,800 കുടുംബങ്ങൾക്ക് മൊത്തം 11,400 വസ്ത്രങ്ങളാണ് ഈ വർഷത്തെ പദ്ധതിയിലൂടെ നടപ്പാക്കുന്നത്.
യുദ്ധം മോശമായി ബാധിച്ച കുടുംബങ്ങൾ, വിധവകൾ, കുട്ടികൾ, അനാഥർ, വികലാംഗർ എന്നിവരെ കേന്ദ്രീകരിച്ചാണ് പദ്ദതി നടപ്പിലാക്കുന്നത്. കൂടാതെ, ശമ്പളം ലഭിക്കാത്ത പൊതുവിദ്യാലയങ്ങളിലെ അധ്യാപകരും ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 205,455 ഡോളറാണ് പദ്ധതിക്കായി ക്യുആർസിഎസ് നൽകുന്നത്.
English summary: Qatar red crescent society distributes new Eid clothes for Yemeni children
