ദോഹ: ഖത്തറിൽ കോവിഡ് വ്യാപനം കുറഞ്ഞു വരുന്ന സാഹചര്യത്തിലും ജനങ്ങൾ ജാഗ്രത കൈവിടരുതെന്ന് ഓർമ്മപ്പെടുത്തി പൊതുജനാരോഗ്യ മന്ത്രാലയം. ആരോഗ്യപരമായി ഏറ്റവും ദുർബലരായ പ്രായമായവർ, കുട്ടികൾ എന്നീ വിഭാഗങ്ങളെ കൂടുതൽ സംരക്ഷിക്കണമെന്നും മന്ത്രാലയം പറഞ്ഞു.
പ്രായമായവർക്കും വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്കും കൂടുതൽ ശ്രദ്ദയും, പരിചരണവും നൽകണം. പ്രായമയവർക്കു വേണ്ടിയുള്ള ഡേയ് കെയർ സംവിധാനത്തെക്കുറിച്ചും, ‘റാഹ’ എന്ന് പേരുള്ള നാഷണൽ അൽഷിമേഴ്‌സ്, മെമ്മറി സർവീസസ് ഹെൽപ്പ് ലൈനിനെക്കുറിച്ചും മന്ത്രാലയം പൊതുജനങ്ങൾക്ക് വിവരം നൽകി.
മുതിർന്നവർക്കുള്ള ഡേകെയർ യൂണിറ്റ് എല്ലാ ദിവസവും രാവിലെ 7 മുതൽ രാത്രി 10 വരെ റുമൈല ആശുപത്രിയിൽ സജീവമായിരിക്കും. നിലവിൽ ജീവൻ അപകടത്തിൽ അല്ലാത്തവരും എന്നാൽ അടിയന്തിര വൈദ്യസഹായം ആവശ്യമുള്ളതുമായ ആരോഗ്യ പ്രശ്‌നങ്ങളുള്ള 60 വയസ്സിനു മുകളിലുള്ളവർക്കാണ് ഇവിടെ സേവനം ലഭ്യമാവുക.
ഇവിടങ്ങളിൽ അപ്പോയ്ന്റ്മെന്റ് എടുക്കുന്നതിനായി 33253128 അല്ലെങ്കിൽ 55193240 എന്ന നമ്പറിൽ വിളിക്കാം.‘റാഹ’ ഹെൽപ്പ് ലൈൻ സേവനം 40262222 എന്ന നമ്പറിൽ ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ 8 നും ഉച്ചകഴിഞ്ഞ് 3 നും ഇടയിലാണ് ലഭ്യമാവുക.
“നിങ്ങൾക്ക് 65 വയസ്സിനു മുകളിൽ പ്രായമുള്ളവരോടും, പ്രത്യേകിച്ചും നിങ്ങൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖം, ക്യാൻസർ തുടങ്ങിയ ഗുരുതര രോഗങ്ങൾ ഉള്ളവരോട് കർശനമായും കോവിഡ് സുരക്ഷാ മുൻ കരുതലുകൾ സ്വീകരിക്കുവാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരക്കാരിൽ കോവിഡ് ബാധിച്ചാൽ സ്ഥിതി അതീവ ഗുരുതരമവുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ശാരീരിക അകലം പാലിക്കുക, പൊതുസ്ഥലങ്ങൾ സന്ദർശിക്കാതിരിക്കുക, വീട്ടിൽ തന്നെ തുടരുക, തുടങ്ങിയ കാര്യങ്ങൾ നിർബന്ധമായും പാലിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടു.
നെഞ്ചുവേദന, ഹൃദയാഘാതം അല്ലെങ്കിൽ ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെട്ടാൽ ഉടൻ തന്നെ 999 എന്ന നമ്പർ ഡയൽ ചെയ്യാൻ മന്ത്രാലയം അറിയിച്ചു.
കോവിഡുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 16000 ൽ വിളിക്കാനോ അല്ലെങ്കിൽ http://www.moph.gov.qa സന്ദർശിക്കുക.
English Summary: Qatar MoPH publishes guidelines for vulnerable in fighting COVID-19
