ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്തു . ഇന്ത്യൻ സമയം 5.45 ന് ആരംഭിച്ച പ്രക്രിയ 6.03 ഓടെ പൂർത്തിയായി . ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക് സുരക്ഷിതമായി ലാൻഡർ ഇറങ്ങി.
6.03 നായിരുന്നു ലാൻഡിങ്. ചാന്ദ്രദൗത്യം വിജയകരമെന്ന് ഐഎസ്ആർഒ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു . വൈകിട്ട് 5.45 നു ചന്ദ്രോപരിതലത്തിൽനിന്ന് ഏകദേശം 25 കിലോമീറ്റർ ഉയരത്തിൽ വച്ചാണ് ഇറങ്ങൽ പ്രക്രിയ തുടങ്ങിയത് .
ലാൻഡറിലെ 4 ത്രർ എൻജിനുകൾ വേഗം കുറച്ചു സാവധാനം ഇറങ്ങാൻ സഹായിച്ചു . 25 ന് ലാൻഡർ മൊഡ്യൂളിന്റെ ഉള്ളിലുള്ള റോവർ ചന്ദ്രോപരിതലത്തിലിറങ്ങും . ബ്രിക്സ് ഉച്ചകോടിക്ക് ദക്ഷിണാഫ്രിക്കയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ലാൻഡിങ് തത്മസയം വെർച്വലായി കണ്ടു.
“ഈ സന്തോഷകരമായ അവസരത്തിൽ ലോകജനതയെ അഭിസംബോധന ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ വിജയകരമായ ചാന്ദ്ര ദൗത്യം ഇന്ത്യയുടെ മാത്രമല്ല, ഈ വിജയം എല്ലാ മനുഷ്യരാശിക്കും അവകാശപ്പെട്ടതാണ്.”ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ബ്രിക്സ് നയതന്ത്ര ഉച്ചകോടിക്കിടെ മോദി പറഞ്ഞു.
ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി , ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വർക്കിനു ( ഇസ്ലാക് ) കീഴിലെ മിഷൻ ഓപറേഷൻസ് കോംപ്ലക്സിലാണ് ചന്ദ്രയാൻ 3 ന്റെ ലാൻഡിങ് നിരീക്ഷിച്ചത് . പേടകത്തിന്റെ ആന്തരികഘടകങ്ങൾ ഉൾപ്പെടെ മിഷൻ ഓപറേഷൻസ് കോംപ്ലക്സിലെ ഗവേഷകർ പരിശോധിച്ചു വിലയിരുത്തിയിരുന്നു . എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഓഗസ്റ്റ് 27 ലേക്ക് ലാൻഡിങ് മാറ്റാനായിരുന്നു തീരുമാനം . എന്നാൽ അതു വേണ്ടി വന്നില്ല .
ചന്ദ്രോപരിതലത്തിൽനിന്ന് 30 കിലോമീറ്റർ ഉയരത്തിലേക്ക് ലാൻഡറിനെ എത്തിക്കുന്നതായിരുന്നു ആദ്യപടി . അവിടെവച്ച് പവേഡ് ബേക്കിങ് ഘട്ടത്തിലേക്ക് എത്തി നാല് തർ എൻജിനുകളും ഒരുമിച്ച് പ്രവർത്തിപ്പിച്ചു . റെട്രോ ഫയറിങ് എന്ന സാങ്കേതികതയാണ് ഇവിടെ ഉപയോഗപ്പെടുത്തിയത് . പേടകത്തെ മുന്നോട്ടു കുതിപ്പിക്കുന്നതിനുള്ള ഊർജം നൽകുന്നതിനു പകരം , വിപരീത ദിശയിലേക്ക് റോക്കറ്റ് പ്രവർത്തിച്ചു . അതോടെ ലാൻഡറിന്റെ വേഗം കുറഞ്ഞു . പതിയെപ്പതിയെ ഇത്തരത്തിൽ വേഗം കുറച്ചുകൊണ്ടു വരികയായിരുന്നു.
ഇതോടെ അമേരിക്ക , സോവിയറ്റ് യൂണിയൻ ചൈന ഇവർക്കൊപ്പം എലൈറ്റ് ഗ്രൂപ്പിൽ ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യമായി ഇന്ത്യയും മാറി . ഒപ്പം ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഇന്ത്യയ്ക്ക് സ്വന്തമായി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യവുമായി ഇന്ത്യ മാറി.
Content Highlights: India becomes first nation to land spacecraft near Moon’s south pole
