ദോഹ: ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സ്കൂൾ ആരോഗ്യ-സുരക്ഷാ സമിതികളിലെ അംഗങ്ങൾക്ക് കോവിഡ് സുരക്ഷാ മുൻകരുതലുകളെ സംബന്ധിച്ച് ബോധവൽക്കരണ ക്ലാസുകൾ നൽകും. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ഈ കമ്മിറ്റികൾ അത്യാവശ്യമാണെന്ന് അധികൃതർ പറഞ്ഞു.
ഓൺലൈൻ മുഖേനുയുള്ള പഠനത്തിന് മുൻഗണന നൽകും. വിദ്യാർഥികൾക്കൊപ്പം പഠന വേളയിൽ കൂട്ടിരിക്കാൻ കഴിയാത്ത മാതാപിതാക്കൾക്ക് റെക്കോർഡ് ചെയ്ത് പാഠ ഭാഗങ്ങൾ അയച്ചു നൽകുമെന്നും അധികൃതർ വ്യക്തമാക്കി.
വിട്ടുമാറാത്ത അസുഖങ്ങളുള്ള വിദ്യാർഥികൾ ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ അവർക്ക് സ്ക്കൂളിൽ വരുന്നതിൽ നിന്നും ഇളവ് നൽകുന്നതാണ്. കൂടാതെ ഗുരുതരമായ അസുഖങ്ങളുള്ള ആരെങ്കിലും വീട്ടിലുണ്ടെങ്കിൽ ആ വിദ്യാർഥികളും മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ സ്ക്കൂളുകളിൽ വരേണ്ടതില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനങ്ങളെല്ലാം കൈക്കൊണ്ടിരിക്കുന്നത്.
“വിദ്യാർത്ഥികളുടെ എണ്ണം ഒരു ക്ലാസിൽ പരമാവധി 15 വിദ്യാർത്ഥികളും, അവർ തമ്മിൽ ഒന്നര മീറ്റർ ദൂരം ഉണ്ടായിരിക്കണം”, അധികൃതർ വ്യക്തമാക്കി.
ഏതെങ്കിലും വിദ്യാർഥി കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ നിർബന്ധമായും 14 ദിവസത്തെ ക്വാറന്റൈനിൽ കഴിയണമെന്ന് നിർദേശമുണ്ട്.
പ്രതിരോധവും മുൻകരുതൽ നടപടികളും നടപ്പിലാക്കാൻ പരിശീലനം ലഭിച്ചവർ സ്കൂളുകളിൽ ഉണ്ടായിരിക്കുന്നതിനാൽ മറ്റേതൊരു സ്ഥലത്തേക്കാളും വിദ്യാർത്ഥികൾ സ്കൂളിൽ സുരക്ഷിതരാണെന്ന് ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. യൂസഫ് അൽ മസ്ലാമണി പറഞ്ഞു.
English Summary: Members of the school health and safety committees to get training to implement COVID-19 measures
