യൂറോപ്യൻ മാതൃകയിലുള്ള ജിസിസി രാജ്യങ്ങൾക്കായുള്ള ഏകീകൃത ടൂറിസ്റ്റ് വിസ തീരുമാനത്തെ സ്വാഗതം ചെയ്ത് ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടി. തുടർ നടപടികൾക്ക് ആഭ്യന്തര മന്ത്രിമാരെ ചുമതലപ്പെടുത്താൻ ദോഹയിൽ ചേർന്ന സുപ്രീം കൗൺസിൽ യോഗത്തിൽ തീരുമാനമായി.
ഇക്കഴിഞ്ഞ നവംബർ ആദ്യ ആഴ്ച ഒമാനിൽ ചേർന്ന ജി.സി.സി ആഭ്യന്തര മന്ത്രിതല സമിതി അംഗീകരിച്ച ഏകീകൃത ടൂറിസ്റ്റ് വിസ വേഗത്തിൽ നടപ്പിലാക്കാനാണ് ആഭ്യന്തരമന്ത്രിമാരെ ചുമതലപ്പെടുത്തിയത്. വർഷങ്ങൾ നീണ്ടുനിന്ന ആസൂത്രണത്തിനും ചർച്ചകൾക്കുമൊടുവിലായിരുന്നു യൂറോപ്യൻ രാജ്യങ്ങളിലെ ഷെൻഗെൻ വിസ മാതൃകയിൽ ജി.സി.സി ഏകീകൃത വിസക്ക് അംഗീകാരം നൽകിയത്.
ഇതുവഴി ആറ് ജിസിസി രാജ്യങ്ങളിലേക്ക് ഒരു വിസയിൽ സന്ദർശനം സാധ്യമാകും..സ്വദേശികളും, താമസക്കാരും, വിദേശികളുമായ ഗൾഫ് ജനത ഏറെ പ്രതീക്ഷയോടെയാണ് ഈ തീരുമാനത്തെ കാത്തിരിക്കുന്നത്. ജിസിസി ആഭ്യന്തര മന്ത്രിമാരുടെ സമിതിയുടെ മേൽനോട്ടത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാകുന്നതോടെ അടുത്ത വർഷം പകുതിയോടെ ഏകീകൃത വിസ നടപ്പിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
