ദോഹ: ദാർ അൽ ഷാർഖ് ഗ്രൂപ്പ് ഖത്തറിൽ നടക്കാനിരിക്കുന്ന കിഡ്‌സ് എക്സ്പോ 2024 ന്റെ വെബ്സൈറ്റ് പുറത്തിറക്കി. ഖത്തറിൽ ഇതാദ്യമായാണ് അൽ ഷാർഖ് മീഡിയ മാനേജ്മെന്റ് കമ്പനി കിഡ്‌സ് എക്സ‌്പോ സംഘടിപ്പിക്കുന്നത്. 2024 നവംബർ 20 മുതൽ നവംബർ 23 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്ററിലാണ് (DECC) എക്സ്പോ സംഘടിപ്പിക്കുക. എക്സ്പോയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് www.kidsexpo.qa എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാമെന്നും സംഘാടകർ വ്യക്തമാക്കി.
കുട്ടികളുടെ പരിചരണവും വികസനവും പിന്തുണയ്ക്കുന്നതിനുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കാനും, വികസനത്തിന്റെ വിവിധ ഘട്ടങ്ങളിൽ കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളും ഉൽപ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കാനാണ് എക്സ്പോ ലക്ഷ്യമിടുന്നത്. ആരോഗ്യം, സംസ്കാരം, വിനോദം, വിദ്യാഭ്യാസം തുടങ്ങി 13 വയസ്സ് വരെയുള്ള കുട്ടികൾക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും എക്സ്പോയിൽ പ്രദർശിപ്പിക്കും.
കുട്ടികളെ പിന്തുണയ്ക്കാനും പരിപാലിക്കാനും താൽപര്യമുള്ള പ്രാദേശികവും അന്തർദേശീയവുമായ കമ്പനികൾക്ക് പങ്കാളിത്തത്തിനായി ക്ഷണിച്ചിട്ടുണ്ടെന്നും, ഏറ്റവും പുതിയ സാങ്കേതിക പരിഹാരങ്ങളും നൂതന ഉൽപ്പന്നങ്ങളും നൽകാൻ ആഗ്രഹിക്കുന്ന നിരവധി സ്ഥാപനങ്ങളെ ഇവൻ്റ് ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എക്സ്പോ സംഘടകർ പറഞ്ഞു.
Content Highlights: Dar Al Sharq Group launches Kids Expo 2024 website
