ദോഹ: ഖത്തറിൽ ഹലാൽ ഫെസ്റ്റിവലിന്റെ പന്ത്രണ്ടാം പതിപ്പിന് നാളെ (ഫെബ്രുവരി 21) തുടക്കമാവും. കൾച്ചറൽ വില്ലേജ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ ഫെബ്രുവരി 26 വരെ നടക്കും. ഹലാൽ ചെമ്മരിയാടുകളുടേയും ആടുകളുടേയും പ്രദർശനം ഉൾപ്പെടെ മൂന്ന് വിഭാഗങ്ങളായി നടക്കുന്ന പരിപാടിയിൽ വ്യത്യസ്ത പവലിയനുകളും ഒരുക്കും.
ഖത്തറിൽ നിന്നും അറബ് ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള ബ്രീഡേഴ്സ് മേഖലയിൽ അഭിമാനകരമായ സ്ഥാനം ഉറപ്പിച്ച ഫെസ്റ്റിവൽ അതിൻ്റെ പുതിയ രൂപത്തിൽ ആരംഭിച്ചതിൽ ഫെസ്റ്റിവലിൻ്റെ സംഘാടക സമിതി ചെയർമാൻ സൽമാൻ അൽ നുഐമി സന്തോഷം പ്രകടിപ്പിച്ചു. മികച്ച തരം ഹലാൽ ചെമ്മരിയാടുകളെയും ആടുകളെയും പ്രദർശിപ്പിക്കുന്നതിനും സ്വന്തമാക്കുന്നതിനും അവയുടെ ഗുണങ്ങളും സവിശേഷതകളും അവതരിപ്പിക്കുന്നതിനും ഫെസ്റ്റിവൽ സഹായിക്കുന്നു.
ഉൽപാദനത്തിൻ്റെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും ഖത്തറി പൈതൃകം സംരക്ഷിക്കുകയും ജനകീയ പൈതൃകവും വ്യക്തിത്വവും ഉയർത്തുകയും ചെയ്യുന്നതിനാൽ ഹലാൽ ഫെസ്റ്റിവൽ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlights: Katara launches 12th edition of Halal Festival
