ജറുസലേം: നിലവിലെ ലോകകപ്പ് ജേതാവും അർജന്റീനിയൻ സൂപ്പർ താരവുമായ ലയണൽ മെസ്സിയുടെ നാട്ടുകാരിയാണന്ന് പറഞ്ഞ വയോധികയെ വെറുതെ വിട്ട് ഹമാസ് പോരാളികൾ. അർജന്റീനക്കാരിയായ എസ്തർ കുനിയോ എന്ന തൊണ്ണൂറുകാരിയെയാണ് തട്ടിക്കൊണ്ടുപോയതിന് ശേഷം വെറുതെ വിട്ടത്. മെസിയുടെ നാട്ടുകാരിയാണെന്ന് പറഞ്ഞതോടെ അവർക്കൊപ്പം ഒരു സെൽഫിയും എടുത്താണ് ഹമാസ് സൈനികൻ പറഞ്ഞയച്ചത്.
അടുത്തിടെ പുറത്തിറങ്ങിയ ഇസ്രയേൽ- പലസ്തീൻ യുദ്ധത്തെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയിലാണ് രസകരമായ വിവരം വെളിപ്പെടുത്തി കുനിയോ രംഗത്തെത്തിയത്.
2023 ഒക്ടോബർ എഴിനാണ് സംഭവം നടക്കുന്നത്. ഇസ്രായേലിലെ കിബ്ബത്ത് നിർ ഓസിലുള്ള എസ്തറിന്റെ വീട്ടിലേക്ക് ഹമാസ് അനുയായികൾ അതിക്രമിച്ചു കയറുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തിൽ പേടിച്ചരണ്ട എസ്തർ താൻ മെസ്സിയുടെ നാട്ടുകാരിയാണെന്ന് അലറിവിളിക്കുകയായിരുന്നു.
“ഒക്ടോബർ ഏഴിന് രണ്ട് ഹമാസ് പോരാളികൾ എന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി. മുഖം മൂടി കറുത്ത വസ്ത്രം ധരിച്ചെത്തിയ അവർ എന്നെയും കുടുംബത്തെയും ബന്ദികളാക്കി. ഭയം പുറത്തുകാണിക്കാതെ ഞാൻ അവരോട് ചോദിച്ചു, നിങ്ങൾ ഫുട്ബോൾ കാണാറുണ്ടോ? അതിൽ ഒരാൾ തലയാട്ടി. ഉടനെ ഞാൻ വിളിച്ചുപറഞ്ഞു. ഞാൻ ലയണൽ മെസിയുടെ നാട്ടുകാരിയാണ്” എസ്തതർ ഡോക്യുമെന്ററിയിൽ പറഞ്ഞു.
തനിക്ക് മെസിയെ ഇഷ്ടമാണെന്ന് ഹമാസ് പോരാളികളിൽ ഒരാൾ പറഞ്ഞുവെന്നും എസ്‌തർ വെളിപ്പെടുത്തി. മെസിയുടെ പേരുപറഞ്ഞതും തന്നെ വെറുതെ വിടുകയായിരുന്നുവെന്നും ഒപ്പം നിന്നുകൊണ്ട് ഒരു സെൽഫി എടുത്തുവെന്നും എസ്തർ പറഞ്ഞു. ഹമാസ് പോരാളികളിൽ ഒരാൾ അരികിൽ റൈഫിളും വിക്ടറി ചിഹ്നവും പിടിച്ച് പോസ് ചെയ്ത് നിൽക്കുന്ന എസ്തറിന്റെ ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഹമാസ് പോരാളിയുടെ കയ്യിൽ നിന്നും താൻ രക്ഷപ്പെട്ടത് സാക്ഷാൽ ലയണൽ മെസി കാരണമാണെന്ന് അദ്ദേഹം അറിയണമെന്നും എസ്തർ ഡോക്യുമെന്ററിയിൽ ആഗ്രഹം പ്രകടിപ്പിച്ചു.
Content Highlights: Lionel Messi saved Argentine grandmother from Hamas abductors as she describes terrifying ordeal before release
