ദോഹ : ഖത്തറിലെ ലുസൈല്‍ സിറ്റിയില്‍ ട്രാമിന്‍റെ ട്രയല്‍ ഓട്ടം പ്രവര്‍ത്തനമാരംഭിച്ചതായി ഖത്തര്‍ റെയില്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ നിരത്തിലുള്ള ഡ്രൈവര്‍മാരും കാല്‍നട യാത്രക്കാരും അവരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ശ്രമിക്കണമെന്നും, റോഡിലെ ട്രാഫിക് സിഗ്നലുകൾ പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി. ട്രാം കമ്പനിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
35.4 കിലോമീറ്റർ നീളമുള്ള ലുസൈൽ ട്രാം ശൃംഖല ദോഹ മെട്രോയുമായി രണ്ട് ഇന്റർചേഞ്ച് സ്റ്റേഷനുകൾ വഴി ലുസൈൽ, ലെഗ്റ്റൈഫിയ എന്നിവിടങ്ങളിലേക്കാണ് ബന്ധിപ്പിക്കുന്നത്. നാല് പാതകള്‍ ഭൂമിക്കടിയിലുംമുകളിലുമായി 28 സ്റ്റേഷനുകളാണ് ലുസൈല്‍ ട്രാമിനുള്ളത്.
ഖത്തറിൽ ഏറ്റെടുക്കുന്ന ഏറ്റവും വലിയ ഏക സുസ്ഥിര വികസനമായ ലുസൈൽ ട്രാം രാജ്യത്തിന്‍റെ പ്രധാന ഗതാഗത കേന്ദ്രമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. 207 പേര്‍ക്ക് യാത്ര ചെയ്യാനാവുന്ന 33 മീറ്റര്‍ നീളത്തിലുള്ള ട്രാം കാറുകളില്‍ കുടുംബത്തിനായുള്ള പ്രത്യേക ക്ലാസുകളുമുണ്ട്. എല്ലാ യാത്രക്കാര്‍ക്കും സഹായകരമായ രീതിയില്‍ ലോ ഫ്ളോര്‍ സംവിധാനമാണ് ഈ കാറുകളില്‍ സജ്ജമാക്കിയിട്ടുള്ളത്.
