ന്യൂഡല്‍ഹി: ജെ.ഇ.ഇ, നീറ്റ് പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം വിദഗ്ധ സമിതിയെ നിയോഗിച്ചു. പരീക്ഷ മാറ്റിവയ്‌ക്കേണ്ട സാഹചര്യം ഉണ്ടോ എന്ന് സമിതി പരിശോധിക്കും.
ഈ മാസം 18 മുതല്‍ 23 വരെ ജെ.ഇ.ഇ പരീക്ഷയും, നീറ്റ് പരീക്ഷ 26-നും നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
രാജ്യത്ത് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് നീറ്റ് പരീക്ഷ എഴുതുന്നത്.
അതേസമയം, ഖത്തര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളിൽ എം.ബി.ബി.എസ് പ്രവേശനത്തിനുള്ള നീറ്റ് പ്രവേശന പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി സമർപ്പിച്ചു.
ഗള്‍ഫ് രാജ്യങ്ങളില്‍ പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിക്കാത്തപക്ഷം ജൂലൈ 26-ന് നടത്താന്‍ തീരുമാനിച്ചിരിക്കുന്ന നീറ്റ് പരീക്ഷ മാറ്റി വയ്ക്കണം എന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വന്ദേഭാരത് മിഷന്റെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വിമാന സര്‍വീസുകള്‍ ഉണ്ടെങ്കിലും പരീക്ഷാർത്ഥികൾക്കൊന്നും ടിക്കറ്റ് ലഭിക്കാത്ത സാഹചര്യമാണുള്ളത്.
അഥവാ ടിക്കറ്റ് ലഭിച്ചാലും ഇന്ത്യയില്‍ എത്തിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്വാറന്റൈനില്‍ കഴിയേണ്ടി വരും. 21 ദിവസം വരെയാണ് പല സംസ്ഥാനങ്ങളിലെയും ക്വാറന്റൈൻ കാലാവധി. അതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന പരീക്ഷ എഴുതാന്‍ ബുദ്ധിമുട്ടാകും എന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
