സുസ്ഥിര ലക്ഷ്യങ്ങൾ കൈവരിക്കാനും കാർബൺ അളവ് വെട്ടിക്കുറയ്ക്കാനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ സഹായിക്കാനായി 20 ശതമാനം ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുകളും പുനരുപയോഗിക്കാവുന്നതായ ശുദ്ധമായ ഊർജ്ജത്തെ ആശ്രയിക്കുമെന്ന് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്റാമ) പ്രഖ്യാപിച്ചു.
“ഖത്തർ നാഷണൽ വിഷൻ 2030 ലെ സുസ്ഥിര ലക്ഷ്യങ്ങൾ നടപ്പിലാക്കാനായി നാഷണൽ പ്രോഗ്രാം ഫോർ കൺസർവേഷൻ ആൻഡ് എനർജി എഫിഷ്യൻസി (ടാർഷീഡ്)യുടെ അടിസ്ഥാനത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ കഹ്‌റാമ തുടരുകയാണ്. നിലവിലെ 20% സ്റ്റേഷനുകളിലെ ഊർജവും പുനരുപയോഗ ഊർജ്ജത്തിലായിരിക്കുമെന്ന് കഹ്‌റാമ ട്വീറ്റിലൂടെ വ്യക്തമാക്കി.
ഈ ഉദ്ദേശ്യത്തിൽ ഖത്തറിലെ ആദ്യത്തെ ‘ടാർഷീഡ് ഫോട്ടോവോൾട്ടെയ്ക്ക് സ്റ്റേഷൻ ഫോർ എനർജി സ്റ്റോറേജ് ആൻഡ് ചാർജിംഗ് ഇലക്ട്രിക് വെഹിക്കിൾസ്’ ഇതിനകം തന്നെ മെസൈമീറിലെ കഹ്റാമ കോംപ്ലക്സിൽ സ്ഥാപിച്ചിട്ടുണ്ട്.
276 മീറ്ററിലധികം പരന്നുകിടക്കുന്ന 216 ഫോട്ടോവോൾട്ടെയ്ക്ക് പാനലുകൾ വഴി ഖത്തർ നാഷണൽ വിഷൻ 2030 ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ സുസ്ഥിരത കൈവരിക്കാൻ ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുകൾക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിലൂടെ ഖത്തറിലെ ഇലക്ട്രിക് കാറുകളുടെ ഉപയോഗം പ്രചരിപ്പിക്കുന്നതിലൂടെ ഹാനികരമായ കാർബൺ പുറന്തള്ളൽ കുറയ്ക്കുക എന്നതാണ് ഈ സ്റ്റേഷനുകളുടെ ലക്ഷ്യം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതുവരെ 19 കാർ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്.
രാജ്യമെമ്പാടുമുള്ള 100 ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള ഒരു പൊതു ടെൻഡർ കഹ്റാമ പൂർത്തിയാക്കാൻ പോവുകയാണ്. കവലകൾ, ഷോപ്പിംഗ് മാളുകൾ, സർക്കാർ കെട്ടിടങ്ങൾ, ഹോട്ടലുകൾ, മെട്രോ സ്റ്റേഷനുകളിലെ നിരവധി പാർക്കിംഗ് സ്ഥലങ്ങൾ തുടങ്ങിയ സുപ്രധാന സ്ഥലങ്ങളിൽ ഈ സ്റ്റേഷനുകൾ സ്ഥാപിക്കും.
