നിയമം ലംഘിച്ചതിന് മുപ്പത്തിമൂന്ന് കമ്പനികളുടെ വർക്ക് സൈറ്റുകൾ മൂന്ന് ദിവസത്തേക്ക് അടച്ചതായി ഭരണവികസന, തൊഴിൽ, സാമൂഹിക കാര്യമന്ത്രാലയം ഇന്നലെ അറിയിച്ചു. വേനൽക്കാലത്ത് തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനെ സംബന്ധിച്ചുള്ള വ്യവസ്ഥകളിൽ പാളിച്ച വരുത്തിയതിനെ തുടർന്നാണ് ഇങ്ങനെ ഒരു തീരുമാനം.
2007 ഗവണ്മെൻ്റിൻ്റെ തീരുമാനപ്രകാരം വേനൽക്കാലത്ത് സൂര്യനു കീഴിലോ തുറന്ന സ്ഥലങ്ങളിലോ ജോലി ചെയ്യുന്നതിനുള്ള സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. ഇതുറപ്പുവരുത്തുന്നതിനായി ജൂലൈ 5 മുതൽ ജൂലൈ 16 വരെ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഓരോ വർഷവും ജൂൺ 15 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ ഇത്തരം പരിശോധനകൾ നടത്താറുണ്ട്.
സൂര്യനു കീഴിലോ തുറന്ന ജോലിസ്ഥലങ്ങളിലോ ചെയ്യുന്ന ജോലി രാവിലെ അഞ്ച് മണിക്കൂറിൽ കൂടരുതെന്നും രാവിലെ 11.30 നും ഉച്ചകഴിഞ്ഞ് 3 നും ഇടയിൽ നിർത്തിവെക്കണം എന്നുമായിരുന്നു തീരുമാനം. ഈ നിയമങ്ങൾ കൃത്യമായി പാലിക്കണം എന്ന് എല്ലാ കമ്പനികളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
അൽ വക്ര, റാവദത്ത് അൽ ഹമാമ, അൽ ഖരൈതിയത്ത്, ലുസൈൽ, ഉംഅൽ സനിം, അൽ ഖീസ, അൽ തുമാമ, അൽ ഖോർ എന്നീ കമ്പനികളിലാണ് കൂടുതൽ നിയമ ലംഘനം നടന്നിരിക്കുന്നത്.
2020 ജൂൺ 15 മുതൽ 2020 ജൂലൈ 16 വരെ ഡ്രൈവുകൾ ആരംഭിച്ചതുമുതൽ വിവിധ മേഖലകളിലെ 173 കമ്പനികളുടെ വർക്ക് സൈറ്റുകൾ അടച്ചതായി മന്ത്രാലയം വ്യക്തമാക്കി.
തൊഴിലാളികളുടെ ക്ഷേമത്തിനായി എയർകണ്ടീഷൻ ചെയ്ത ഇടങ്ങൾ നൽകാനും തൊഴിലാളികൾക്ക് തണുത്ത വെള്ളവും കനം കുറഞ്ഞ വസ്ത്രങ്ങളും നൽകാൻ കമ്പനികളോട് ആവശ്യപ്പെട്ടു. താപ സമ്മർദ്ദത്തിന്റെ അപകടത്തിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിന് വ്യത്യസ്ത സമയങ്ങളിൽ തൊഴിലാളികൾക്ക് വിശ്രമം നൽകുകയും വേണം.
