ഖത്തർ ചാരിറ്റി (ക്യുസി), ഖത്തർ അക്കാദമി ദോഹയിലെ (ക്യുഎഡി) വിദ്യാർത്ഥികളുടെ പിന്തുണയോടെ മുൻകാലങ്ങളിലേതു പോലെ ‘പ്രതീക്ഷയുടെ റമദാൻ’ ഡ്രൈവിന്റെ ഭാഗമായി ഖത്തറിലെ താഴ്ന്ന വരുമാനക്കാരായ 550 കുടുംബങ്ങൾക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു,
കുടുംബങ്ങൾക്ക് 1,200 ഭക്ഷണപ്പൊതികൾ വിതരണം ചെയ്ത ഈ സംരംഭം, അനുഗ്രഹീത മാസത്തിൽ പരിമിതമായ വരുമാനമുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സംഭാവന ചെയ്യുന്നതിനുള്ള റമദാൻ ഡ്രൈവിന് പിന്തുണ നൽകുന്നു.
ഖത്തർ അക്കാഡമി ദോഹ വിദ്യാർഥികൾ, ഖത്തർ ചാരിറ്റിയുടെ ജീവനക്കാർ, സന്നദ്ധപ്രവർത്തകർ എന്നിവർ കുടുംബങ്ങൾക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നതിൽ പങ്കാളികളായി. കമ്മ്യൂണിറ്റി സേവനത്തിൽ സ്വമേധയാ പങ്കെടുക്കാനും മാനുഷികവും ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്താനും വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഖത്തർ അക്കാദമി ദോഹ വർഷം തോറും റമദാനിൽ ഈ പദ്ധതി നടപ്പിലാക്കുന്നു.
ഏകദേശം 100 മില്യൺ റിയാൽ ചിലവഴിച്ച് ഖത്തറിലെ ഒരു ദശലക്ഷത്തോളം ആളുകൾക്ക് പ്രയോജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ‘റമദാൻ ഓഫ് ഹോപ്പ്’ കാമ്പെയ്‌നിനുള്ള പിന്തുണ തുടരാൻ ഖത്തറിലെ മനുഷ്യസ്‌നേഹികളോട് ഖത്തർ ചാരിറ്റി അഭ്യർത്ഥിച്ചു.
ഖത്തർ ചാരിറ്റി യുടെ റമദാൻ പദ്ധതികളിൽ തൊഴിലാളികൾക്കുള്ള ഇഫ്താർ ഭക്ഷണം, താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്കും അനാഥർക്കും വൗച്ചറുകൾ വിതരണം ചെയ്യൽ, ‘അലഖ്‌റബൂൺ’ സംരംഭത്തിലൂടെ കടക്കെണിയിലുള്ളവർക്ക് സഹായം എത്തിക്കൽ എന്നിവ ഉൾപ്പെടുന്നു.
താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളിലെ കുട്ടികൾക്കുള്ള ഈദ് സമ്മാനങ്ങൾ, റമദാൻ സമ്മാനം, കൂടാതെ നിരവധി ബോധവൽക്കരണ സാംസ്കാരിക പരിപാടികൾ, സന്നദ്ധ സംരംഭങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.
