ദോഹ • ഫിഫ ഖത്തർ ലോകകപ്പ് നവംബറിൽ തുടങ്ങാനിരിക്കെ ടിക്കറ്റ് വിൽപനയുടെ മൂന്നാം ഘട്ടത്തിന് ഇന്നു തുടക്കമാകും. നറുക്കെടുപ്പില്ലാതെ ആദ്യമെത്തുന്നവർക്കു ടിക്കറ്റ് എന്ന രീതിയിലാണ് ഈ ഘട്ടത്തിൽ വിൽപന നടക്കുക. ദോഹ പ്രാദേശിക സമയം ഉച്ചയ്ക്കു 12 നാണ് ( ഇന്ത്യൻ സമയം ഉച്ച തിരിഞ്ഞ് 2.30 ) ടിക്കറ്റ് വിൽപനയ്ക്കു തുടക്കമാകുന്നത്.
ഓഗസ്റ്റ് 16 വരെ ടിക്കറ്റ് വിൽപന തുടരും. ഇഷ്ട ടീമിന്റെ മത്സരം തിരഞ്ഞെടുത്ത ശേഷം ഉടൻ പണമടച്ച് ടിക്കറ്റ് സ്വന്തമാക്കാം . ടിക്കറ്റ് സ്വന്തമാക്കിയാൽ മാത്രം പോര ടിക്കറ്റ് ഉടമകൾക്കു ഖത്തറിലേക്കും സ്റ്റേഡിയങ്ങളിലേക്കും പ്രവേശിക്കാൻ ഹയാ കാർഡുകളും നിർബന്ധമാണ്. ഹയാ കാർഡിന് വേണ്ടി അപേക്ഷിക്കാൻ താമസം ബുക്ക് ചെയ്തതിന്റെ സ്ഥിരീകരണം ഉൾപ്പെടെ ആവശ്യമാണ്.
റജിസ്ട്രേഷൻ നടപടികൾ വിജയകരമായി പൂർത്തിയാക്കിയവർക്കു ഡിജിറ്റൽ ഹയാ കാർഡുകൾ സ്വന്തമാക്കാം. ടിക്കറ്റിനായി https://www.fifa.com/tickets എന്ന വെബ്സൈറ്റും ഹയാ കാർഡിനായി https://hayya.qatar2022.qa/ എന്ന വെബ്സൈറ്റും സന്ദർശിക്കാവുന്നതാണ്.
