ദോഹ: കോവിഡ് മഹാമാരിക്കാലത്ത് ഏറ്റവും കൂടുതൽ ഇന്ത്യക്കാർക്ക് ജോലി നൽകിയ രാജ്യം ഖത്തറാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി . മുരളിധരൻ ലോക സഭയിൽ വെളിപ്പെടുത്തി.
2020 ജൂൺ മുതൽ 2021 ഡിസംബർ വരെയുള്ള കാലയളവിൽ ഖത്തറിലേക്ക് തൊഴിലിനായി എത്തിയത് 51,496 പേരാണ്. ഗൾഫ് രാജ്യങ്ങളിലേക്ക് ഇക്കാലയളവിൽ മൊത്തമായി 1,41,171 പേരാണ് ജോലി തേടി എത്തിയത്. ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽ നൽകിയിരുന്ന യു.എ.ഇ യിലേക്ക് കോവിഡ് മഹാമാരിക്കാലത്ത് 13,567 പേർ മാത്രമാണ് ജോലിതേടിയെത്തിയത്.
കോവിഡ് യാത്രാ നിയന്ത്രണങ്ങൾ മൂലം സൗദിയിലേക്കും വളരെ കുറച്ചു ഇന്ത്യക്കാർ മാത്രമാണു ജോലി തേടിയെത്തിയത്. എം.പിമാരായ ബെന്നി ബെഹനാൻ , അടൂർ പ്രകാശ് , ആന്റോ ആന്റണി , എ. ചെല്ല കുമാർ എന്നിവരുടെ ചോദ്യത്തിന് ഉത്തരമായാണ് മന്ത്രി വി മുരളീധരൻ ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്.
