ഖത്തറിലെ വിമാനത്താവളങ്ങളിൽ ലോകകപ്പ് പ്രമാണിച്ച് കൊണ്ടുവന്നിട്ടുള്ള മാറ്റങ്ങൾ അറിയാതെ പാർക്ക് ചെയ്തവർക്ക് മുട്ടൻ പണിയാണ് കിട്ടിയിരിക്കുന്നത്. നവംബർ 1 മുതൽ ഖത്തറിലെ വിമാനത്താവളങ്ങളിലെ പാർക്കിംഗ് ചാർജുകളിൽ കൊണ്ടുവന്ന മാറ്റമാണ് പണി കൊടുത്തിരിക്കുന്നത്.

ഖത്തർ എയർപോർട്ടുകളിലെ പാർക്കിംഗ് ഫീസ് വർധനവിനെക്കുറിച്ചറിയാതെ പാർക്ക് ചെയ്ത് നിരവധിപേർക്ക് ഇങ്ങനെ പണി കിട്ടിയതായി സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നൽകുന്നു. എയർപോർട്ടിൽ തന്നെ പാർക്കിംഗ് ഫീ അടക്കുന്ന മെഷിനുകളിൽ ഫീ വർധനവിനെക്കുറിച്ചുള്ള മുന്നറിയിപ്പ് നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

നവംബർ 1 മുതൽ ഖത്തറിലെ വിമാനത്താവളങ്ങളിൽ ഇനിപ്പറയുന്ന കാർ പാർക്ക് നിരക്കുകൾ ബാധകമാണ്.
ഹമദ് ഇന്റർനാഷണൽ എയർപോർട്ട് ഹ്രസ്വകാല കാർ പാർക്ക്:
25 ഖത്തർ റിയാൽ -പരമാവധി കാലയളവ് 30 മിനിറ്റ്. അതിനുശേഷം ഓരോ 15 മിനിറ്റിനും 100 റിയാൽ.
ഹമദ് ഇന്റർനാഷണൽ എയർപോർട്ട് ലോംഗ് ടേം കാർ പാർക്ക്:
പരമാവധി 60 മിനിറ്റ് കാലയളവിലേക്ക് 25 ഖത്തർ റിയാൽ. അതിനുശേഷം ഓരോ 15 മിനിറ്റിനും 100 റിയാൽ. കാർ പാർക്ക് മുതൽ ഹമദ് ഇന്റർനാഷണൽ എയർപോർട്ട് ടെർമിനൽ വരെ സൗജന്യ ഷട്ടിൽ ബസുകൾ ലഭ്യമാണ്.
ദോഹ ഇന്റർനാഷണൽ എയർപോർട്ട് അറൈവൽസ് കാർ പാർക്ക്:
പരമാവധി 30 മിനിറ്റ് കാലയളവിലേക്ക് 25 ഖത്തർ റിയാൽ. അതിനുശേഷം ഓരോ 15 മിനിറ്റിനും 100 റിയാൽ.
Content Highlights: Parking fee hike in Qatar’s airports
