ദോഹ: ഖത്തർ ദേശീയ ടൂറിസം കൗൺസിൽ (ക്യുഎൻടിസി) പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ രാജ്യത്തെ എല്ലാ ഹോട്ടലുകളിലും “ഖത്തർ ക്ലീൻ” പരിപാടിയുടെ ആദ്യ ഘട്ടം ആരംഭിച്ചു. സന്ദർശകരെ വീണ്ടും സ്വാഗതം ചെയ്യാൻ ടൂറിസം മേഖലയെ സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിവിധ ഘട്ടങ്ങളായി പദ്ദതികൾ നടപ്പാക്കുന്നത്.
എല്ലാ ഹോട്ടൽ സ്ഥാപനങ്ങളും പാലിക്കേണ്ട അണുവിമുക്തമാക്കലിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഹോസ്പിറ്റാലിറ്റി തൊഴിലാളികളുടെയും അതിഥികളുടെയും സുരക്ഷ പരിരക്ഷിക്കുന്നതിലാണ് പരിപാടിയുടെ ആദ്യ ഘട്ടം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കോവിഡ് -19 ന്റെ വ്യാപനം കുറയ്ക്കുന്നതിനുള്ള പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുകയും മറ്റു സുരക്ഷാ മാർഗ നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്യുന്ന ഹോട്ടലുകൾക്ക് മന്ത്രാലയം “ഖത്തർ ക്ലീൻ” സർട്ടിഫിക്കറ്റ് നൽകും.
ഖത്തർ ക്ലീൻ പ്രോഗ്രാം നടപ്പാക്കുന്നതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും ഖത്തർ നിവാസികൾക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ടൂറിസം അനുഭവം നൽകുന്നതിന് ദേശീയ ടൂറിസം കൗൺസിലുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനൻ മുഹമ്മദ് അൽ കുവാരി പറഞ്ഞു.
ഖത്തർ ദേശീയ ടൂറിസം കൗൺസിലിന്റെയും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെയും നിർദേശപ്രകാരം ഹോട്ടലുകൾ ഇനിപ്പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്:
1- ഹോട്ടലുകളിൽ ഒരു ഖത്തർ ക്ലീൻ പ്രോഗ്രാം മാനേജരെ നിയമിക്കണം. അവർ ജീവനക്കാരുടെ പരിശീലനത്തിന് മേൽനോട്ടം വഹിക്കുന്നതിനും പ്രോഗ്രാം ആവശ്യകതകൾ മുഴുവനായും പാലിക്കുന്നതിനും ഉത്തരവാദികളായിരിക്കും.
2- പരിപാടിയുടെ ഭാഗമായി, ഹോട്ടലുകൾ ദിവസവും അണുവിമുക്തമാക്കണം. പതിവായി സമഗ്രമായി വൃത്തിയാക്കൽ നടത്തണം.
3- ഒരേ സമയം ഒന്നിലധികം അതിഥികൾ എലിവേറ്ററുകൾ ഉപയോഗിക്കുന്നത് നിരോധിക്കും, പരമാവധി ശേഷി 30 ശതമാനം ആയിരിക്കും.
4- അതിഥികളുമായുള്ള സമ്പർക്കം കുറയ്ക്കുന്നതിന്, ഹോട്ടലുകൾ ചെക്ക്-ഇൻ ചെയ്യുന്നതിനും ചെക്കൌട്ട് ചെയ്യുന്നതിനുമായി മൊബൈൽ സൌകര്യങ്ങൾ അല്ലെങ്കിൽ മറ്റ് കോൺടാക്റ്റ്ലെസ് നടപടിക്രമങ്ങൾ സ്വീകരിക്കേണ്ടതുണ്ട്. വ്യക്തികൾക്കിടയിൽ കുറഞ്ഞത് രണ്ട് മീറ്ററെങ്കിലും ദൂരം നിലനിർത്തണം.
English summary; MoPH, QNTC publishes new guidelines for all hotels in Qatar under ‘Clean Qatar’ program
