2023 ഏകദിന ലോകകപ്പ് ഫൈനലിൽ പ്രവേശിച്ച് ടീം ഇന്ത്യ. ആവേശകരമായ സെമി ഫൈനൽ പോരാട്ടത്തിൽ ന്യൂസിലൻഡിനെ 70 റൺസിന് തകർത്താണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. ഇന്ത്യ ഉയർത്തിയ 398 റൺസെന്ന കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിൽ ന്യൂസിലൻഡ് 48.5 ഓവറിൽ 327 റൺസിന് കീഴടങ്ങുകയായിരുന്നു.
ഇന്ത്യയ്ക്കായി ഏഴ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് വിജയശിൽപിയായത്. 9.5 ഓവറിൽ 57 റൺസ് മാത്രം വഴങ്ങിയാണ് ഷമി ഏഴ് വിക്കറ്റ് വീഴ്ത്തിയത്. ജസ്പ്രീത് ഭുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
50 ഓവറിൽ വെറും നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ 397 റൺസാണ് ഇന്ത്യ സ്വന്തമാക്കിയത്. സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയുടേയും ശ്രേയസ് അയ്യരുടേയും മികവിലാണ് ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കൂറ്റൻ സ്കോറിലെത്തിയത്.
ന്യൂസിലൻഡിനായി ഡെയ്ൽ മിച്ചൽ സെഞ്ച്വറി നേടിയെങ്കിലും പാഴായി. 119 പന്തിൽ ഒൻപത് ഹോറും ഏഴ് സിക്സും സഹിതം 134 റൺസാണ് നേടിയത്. ഈ ലോകകപ്പിലെ രണ്ടാമത്തെ സെഞ്ച്വറിയാണ് മിച്ചൽ നേടിയത്. കെയ്ൻ വില്യംസൺ 73 പന്തിൽ എട്ട് ഫോറും ഒരു സിക്സും സഹിതം 69 റൺസും സ്വന്തമാക്കി. 33 പന്തിൽ 41 റൺസെടുത്ത ഗ്ലെൻ ഫിലിപ്സ് ആണ് ന്യൂസിലാൻഡിനായി തിളങ്ങിയ മറ്റൊരു ബാറ്റർ.
സെഞ്ച്വറികൾ മത്സരത്തിൽ ഇന്ത്യയ്ക്കായി വിരാട് കോഹ്ലി 113 പന്തിൽ ഒൻപത് ഫോറും രണ്ട് സിക്സും സഹിതം 117 റൺസെടുത്തു. ഇതോടെ ഏകദിനത്തിൽ 50-ാം സെഞ്ച്വറി പൂർത്തിയാക്കാൻ കോഹ്ലിക്ക് സാധിച്ചു. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഏകദിന സെഞ്ച്വറി വേട്ടയിൽ ഇനി കോഹ്ലിയ്ക്ക് മുകളിൽ മറ്റൊരു താരമില്ല. ശ്രേയസ് അയ്യരാകട്ടെ തുടർച്ചയായ രണ്ടാം സെഞ്ച്വറിയാണ് നേടിയത്. 70 പന്തിൽ നാല് ഫോറും എട്ട് സിക്സും സഹിതം 105 റൺസാണ് നേടിയത്. 67 പന്തിൽ നിന്നായിരുന്നു ശ്രേയസിന്റെ സെഞ്ച്വറി.65 പന്തിൽ എട്ട് ഫോറും മൂന്ന് സിം സഹിതം 79 റൺസ് എടുത്ത് നിൽക്കെ ഗിൽ പരിക്കേറ്റ് റിട്ടേഴ്സ്ഡ് ഹർട്ടായി മടങ്ങുകയായിരുന്നു. പിന്നീടാണ് ശ്രേയസ് – കോഹ്ലി കൂട്ടുകെട്ട് പിറന്നത്. ഇരുവരും 128 പന്തിൽ 163 റൺസാണ് സ്കോർ ബോർഡിലെത്തിച്ചത്. ഒടുവിൽ ഗിൽ ആറാമനായി ക്രീസിൽ തിരിച്ചെത്തി. 66 പന്തിൽ 80 റൺസുമായി ഗിൽ പുറത്താകാതെ നിന്നു.
അവസാന ഓവറിൽ രാഹുൽ ഇന്ത്യയ്ക്കായി വെടിക്കെട്ട് പ്രകടനം നടത്തി. 20 പന്തിൽ അഞ്ച് ഫോറും രണ്ട് സിം സഹിതം പുറത്താകാതെ 39 റൺസാണ് രാഹുൽ നേടിയത്. ലോകകപ്പിലെ ഇന്ത്യയുടെ നാലാമത്തെ ഫൈനലാണിത്. 1983ലും 2011ലും ഇന്ത്യ ലോകകിരീടം നേടിയപ്പോൾ 2003ൽ ഓസ്ട്രേലിയയോട് പരാജയപ്പെടുകയാണുണ്ടായത്.
