ദോഹ: പ്രകൃതിഭംഗിയാൽ മനോഹരമായ അല്‍ തുമാമ പാര്‍ക്ക് പ്രദേശവാസികള്‍ക്കും സന്ദര്‍ശകര്‍ക്കുമായി ഉടന്‍ തുറക്കും. 4,400 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള പാര്‍ക്കില്‍ ബെഞ്ചുകള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ഫിറ്റനസ് ഏരിയ, സ്‌പോര്‍സ് ആക്ടിവിറ്റികൾക്കായുള്ള സ്ഥലം എന്നിവ ഒരുക്കിയിട്ടുണ്ട്.
വിവിധ ഇനങ്ങളിലുള്ള വൈവിധ്യമാര്‍ന്ന സസ്യങ്ങളും വൃക്ഷങ്ങളും ഉള്‍ക്കൊള്ളിച്ച് ഹരിത ഭംഗിയില്‍ മനോഹരമായാണ് പാര്‍ക്ക് ഡിസൈൻ ചെയ്തിരിക്കുന്നത്. സാമൂഹിക ഇടപെടലുകളെ പ്രോല്‍സാഹിപ്പിക്കുന്ന ഹരിതവും ആരോഗ്യകരവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ് പാര്‍ക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഖത്തറിലെ പ്രദേശിക ദിനപത്രമായ അറയ്യ റിപ്പോര്‍ട്ട് ചെയ്തു.
പാര്‍ക്കിന്റെ 70 ശതമാനവും പ്രകൃതി ദൃശ്യങ്ങളാല്‍ സമ്പന്നമാണ്. സന്ദര്‍ശകര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി നിരീക്ഷണ ക്യാമറകളും സെക്യൂരിറ്റി സംവിധാനവും ഒരുക്കിയിട്ടുണ്ട്. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലൈറ്റിംഗ് തൂണുകള്‍, കിയോസ്‌കുകള്‍ സ്ഥാപിക്കുന്നതിനുള്ള ഇടങ്ങള്‍, ശുചിമുറികള്‍, സെക്യൂരിറ്റി റൂം എന്നിവയും പാര്‍ക്കിന്റെ മറ്റു പ്രത്യേകതകളാണ്.
വൈകുന്നേരങ്ങളില്‍ പാര്‍ക്കിലേക്ക് നടക്കാന്‍ എത്തുന്നവര്‍ക്ക് ജോഗിംഗിനുള്ള സംവിധാനങ്ങളും സൈക്ലിംഗിന് ട്രാക്കും പാര്‍ക്കില്‍ തയ്യാറാക്കിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്കായി ഒന്നിലധികം പ്രവേശന കാവാടങ്ങളും എക്‌സിറ്റുകളും ഉള്ളതിനാല്‍ വേഗത്തില്‍ അല്‍ തുമാമ പാര്‍ക്കിലേക്ക് എത്താന്‍ കഴിയും. പ്രദേശത്തെ എല്ലാ താമസക്കാര്‍ക്കും, പ്രത്യേകിച്ച് 402,404,405, 416 സ്ട്രീറ്റുകള്‍ക്കും നൂറുകണക്കിന് റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ക്കും എളുപ്പത്തില്‍ പാർക്ക് ഉപയോഗപ്പെടുത്താനാകും.
