മെക്സിക്കോക്കെതിരായ അർജന്റീനയുടെ നിർണായകമായ രണ്ടാം ഗ്രൂപ്പ് ഘട്ട മത്സരം ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. ഖത്തർ പ്രാദേശിക സമയം രാത്രി 10 മണിക്കാണ് ( ഇന്ത്യൻ സമയം 12.30 AM) മത്സരം നടക്കുന്നത്. ലോകകപ്പിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യക്കെതിരെ അപ്രതീക്ഷിതതോൽവിയേറ്റു വാങ്ങേണ്ടി വന്നതോടെ അർജന്റീനക്ക് ഇനിയുള്ള രണ്ടു മത്സരങ്ങളും നിർണായകമാണ്.
വിജയത്തിൽ കുറഞ്ഞതൊന്നും ലയണൽ മെസിയും സംഘവും ഇന്ന് പ്രതീക്ഷിക്കുന്നില്ലെന്നതാണ് സത്യം. കഴിഞ്ഞ മത്സരത്തിലെ പിഴവുകൾ മനസിലാക്കിക്കൊണ്ട് ലൈനപ്പിൽ വ്യക്തമായ മാറ്റങ്ങളുമായാണ് സ്‌കലോണി ഇത്തവണ മെക്സിക്കോക്കെതിരെ അണിനിരത്തുന്നത്.
പ്രതിരോധത്തിൽ ക്രിസ്ത്യൻ റൊമേറോക്ക് പകരം ലിസാൻഡ്രോ മാർട്ടിനസും നഹ്വൽ മൊളിനക്ക് പകരം ഗോൺസാലോ മോണ്ടിയലും നിക്കോളാസ് ടാഗ്ലിയാഫിക്കോക്ക് പകരം മാർക്കോസ് അക്യുനയും എത്തും. മധ്യനിരയിലേക്ക് ലിയാൻഡ്രോ പരേഡസിനു പകരം ഗൈഡോ റോഡ്രിഗസും പപ്പു ഗോമസിന് പകരം എൻസോ ഫെർണാണ്ടസോ അല്ലെങ്കിൽ അലെക്സിസ് മക്അലിസ്റ്ററോ ലൈനപ്പിൽ ഉൾപ്പെട്ടേക്കും.
അതേസമയം ടീമിന്റെ കളിശൈലിയിൽ യാതൊരു മാറ്റവും ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മെസി ഉൾപ്പെടെ ചില താരങ്ങൾക്ക് പൂർണമായ ഫിറ്റ്‌നസില്ലെന്ന വാർത്തകളും അദ്ദേഹം നിഷേധിച്ചു. മാനസികമായും ശാരീരികമായും തയാറെടുത്ത് ടീം വിജയത്തിനായി കഠിനാധ്വാനം ചെയ്യുമെന്നും സ്‌കലോണി വ്യക്തമാക്കി.
