യുവേഫയുടെയും ലാറ്റിനമേരിക്കൻ ഫെഡറേഷന്റെയും നേതൃത്വത്തിൽ നടന്ന ഫൈനലിസിമ പോരാട്ടത്തിൽ ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായ അർജന്റീനക്ക് മുന്നിൽ തകർന്നടിഞ്ഞ് യുറോ ചാമ്പ്യൻമാരായ ഇറ്റലി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് മെസ്സിയും കൂട്ടരും ഇറ്റലിയെ തകർത്തത്. ഫുട്ബോൾ ചരിത്രത്തിൽ രണ്ടാം തവണയാണ് ഫൈനലിസിമ കിരീടം അർജന്റീന സ്വന്തമാക്കുന്നത്.
ലയണൽ മെസ്സി , ലൗറ്ററോ , ഡി മരിയ , ഡിബാല എന്നീ സൂപ്പർ മുന്നേറ്റതാരങ്ങളെ മുൻനിർത്തികൊണ്ടാണ് അർജന്റീന കളത്തിലേക്കിറങ്ങിയത്. ബെലോട്ടി , ബെർണാ ഡ്ഷി , റാസ്പഡോരി എന്നിവരായിരുന്നു ഇറ്റലിയുടെ കുന്തമുനകൾ. മത്സരത്തിൽ ആദ്യപകുതിയിൽ തന്നെ മികച്ച പ്രകടനമാണ് അർജന്റീന പുറത്തെടുത്തത്.
28 – ആം മിനുട്ടിൽ മെസ്സിയുടെ അളന്നു മുറിച്ച ലോ ക്രോസ്സ് അസിസ്റ്റിൽ നിന്ന് ലൗറ്റാരോയാണ് ആദ്യ ഗോൾ കണ്ടെത്തിയത്. ആദ്യപകുതിയുടെ അധികസമയത്ത് ലൗറ്റാരോ അസിസ്റ്റിൽ ഡി മരിയയുടെ മികച്ച ഗോൾ അർജന്റീനയുടെ ലീഡ് ഉയർത്തി. പിന്നീട് മത്സരത്തിന്റെ ഇഞ്ചുറി ടൈമിലാണ് അർജന്റീന ഗോൾ പട്ടിക പൂർത്തിയാക്കിയത്.
മെസ്സിയുടെ അക്രമണോൽസുകമായ മറ്റൊരു മുന്നേറ്റത്തിനൊടുവിൽ ഡിബാല ഫിനിഷ് ചെയ്തതോടെ അർജന്റീന കപ്പുറപ്പിക്കുകയായിരുന്നു. ഗോൾ നേടിയില്ലെങ്കിലും 2 അസിസ്റ്റുകളുമായി മെസ്സിയാണ് ഫൈനലിലെ താരമായത്. ഫൈനൽ വിജയത്തോടൊപ്പം 32 മത്സരങ്ങളിൽ ഒന്നിൽ പോലും പരാജയപ്പെടാതെ അർജന്റീന തങ്ങളുടെ അപരാജിതകുതിപ്പ് തുടരുകയാണ്.
Content Highlights : Argentina won finalisima trophy beating Italy
