ഖത്തറിന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ ഖത്തർ എയർവേയ്സ് ബഹിഷ്കരിക്കാനുള്ള ഇന്ത്യൻ തീവ്രവലതുപക്ഷ അനുകൂലികളുടെ ആഹ്വാനം ട്വിറ്ററിൽ തരംഗമാവുകയാണ്. ബി.ജെ.പി വക്താക്കളുടെ മുഹമ്മദ് നബിയെ അവഹേളിക്കുന്ന പ്രസ്താവനക്കെതിരെ ഖത്തർ അടക്കമുള്ള അറബ് രാഷ്ട്രങ്ങൾ ഇന്ത്യൻ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു രംഗത്തുവന്നതിനു പിന്നാലെയാണ് ദോഹ ആസ്ഥാനമായുള്ള വിമാനക്കമ്പനി ബഹിഷ്കരിക്കണമെന്ന ആഹ്വാനം ട്വിറ്ററിൽ ടോപ് ട്രെൻഡിങ്ങിൽ വന്നത് .
ആദ്യഘട്ടത്തിൽ അക്ഷരപ്പിശകോടെ #BycottQatarAirways എന്ന ഹാഷ് ടാഗിലായിരുന്നു ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തത്. ആ ഹാഷ്ടാഗിൽ രണ്ടുലക്ഷത്തിലേറെ ട്വീറ്റുകൾ വന്നതോടെ പിന്നീടത് #BoycottQatarAirways എന്ന് തിരുത്തുകയായിരുന്നു.
ഈ ഹാഷ് ടാഗിൽ വന്ന മിക്ക ട്വീറ്റുകളും ടെലിവിഷൻ പരിപാടിയിൽ നബിയെ അവഹേളിച്ചുകൊണ്ട് പരാമർശം നടത്തിയ മുൻ ബി.ജെ.പി വക്താവ് നൂപുർ ശർമയെ പിന്തുണച്ചു കൊണ്ടുള്ളതാണ്. പ്രസ്താവന വിവാദമായതോടെ അന്താരാഷ്ട്ര തലത്തിൽ വിമർശനങ്ങളുയർന്നതിനെതുടർന്ന് നുപുർ ശർമയെ ബി.ജെ.പി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
എന്നാലിപ്പോൾ ഖത്തർ എയർവേയ്സിനെ ബഹിഷ്കരിക്കാനുള്ള ആഹ്വാനത്തിൽ കൂടുതൽ രാഷ്ട്രീയപ്രമുഖർ മുന്നോട്ടു വന്നിരിക്കുകയാണ്. ഉത്തർപ്രദേശ് ബി.ജെ.പി വക്താവ് ഗൗരവ് ഗോയൽ , ചണ്ഡിഗഡ് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അമിത് റാണ തുടങ്ങിയവർ ട്വീറ്റുമായി രംഗത്തെത്തി.

‘ ഖത്തർ എയർവേയ്സ് ഒരു ലോകോത്തര വിമാനക്കമ്പനിയാണ് . ഒരുപക്ഷേ , ഏറ്റവും ചെലവേറിയതും അതുതന്നെയാവാനാണ് സാധ്യത . അതിനെ ബഹിഷ്കരിക്കാൻ എളുപ്പമാണ് . കാരണം , എല്ലാവർക്കും ഖത്തർ എയർവേയ്സിൽ യാത്ര ചെയ്യാൻ കഴിയില്ലല്ലോ … ” ഖത്തർ എയർവേയ്സിനെ ബഹിഷ്കരിക്കാനുള്ള ആഹ്വാനത്തെ മാധ്യമപ്രവർത്തക രോഹിണി സിങ് പരിഹസിച്ചു.
എന്നാൽ ഈ ബഹിഷ്കരണ ആഹ്വാനം അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കുമെന്ന് തെലങ്കാന രാഷ്ട്ര സമിതി സോഷ്യൽ മീഡിയ കൺവീനർ കൃഷ്ണൻ കെ അഭിപ്രായപ്പെട്ടു.
‘ ബി.ജെ.പി മതഭ്രാന്തന്മാരുടെ വിദ്വേഷ പ്രസംഗം ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കിയതും പോരാഞ്ഞ് , ഇപ്പോൾ ബി.ജെ.പി ഖത്തർ എയർവേയ്സിനെ ബഹിഷ്കരിക്കാനുള്ള ആഹ്വാനം തരംഗമാക്കുകയാണ് . ഇത് അന്താരാഷ്ട്ര ബന്ധങ്ങൾ കൂടുതൽ സങ്കീർണമാക്കും . നരേന്ദ്ര മോദിജി , അങ്ങയുടെ ബി.ജെ.പിക്കാരായ ഭക്തന്മാരോട് സംസാരിക്കാൻ അങ്ങ് മൗനം വെടിയുമോ ? ‘ – കൃഷ്ണൻ കെ ട്വീറ്ററിൽ കുറിച്ചു.
Content Highlights: Boycott Qatar Airways trending in Indian Twitter
