25.1 C
Qatar
Thursday, April 16, 2026

ഖത്തറിൽ സ്വകാര്യമേഖലയിലെ സ്വദേശിവൽക്കരണത്തിനുള്ള കരട് നിയമത്തിനു മന്ത്രിസഭ അംഗീകാരം നൽകി

- Advertisement -

ദോഹ: സ്വകാര്യ മേഖലയിലെ
തൊഴിലവസരങ്ങൾ സ്വദേശിവൽക്കരിക്കുന്നത് സംബന്ധിച്ച കരട് നിയമത്തിന് ഖത്തർ മന്ത്രിസഭ അംഗീകാരം നൽകി. മന്ത്രിസഭയുടെ അംഗീകാരത്തോടെ കരട് നിയമം ശൂറാ കൗൺസിലിന് റഫർ ചെയ്തിരിക്കുകയാണ്.
ഈ വർഷം സെപ്തംബറിൽ തൊഴിൽ മന്ത്രാലയമാണ് കരട് നിയമം നിർദേശിച്ചത്. സ്വകാര്യ മേഖലയിലെ ഏതൊക്കെ തൊഴിലുകളാണ് സ്വദേശി വൽക്കരിക്കുന്നതെന്ന് തൊഴിൽ മന്ത്രാലയം തീരുമാനിക്കും.

ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയുടെ അധ്യക്ഷതയിൽ ഇന്ന് അമീരി ദിവാനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായത്.
സ്വദേശി വൽക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അൽഗോരിതം (വിവരങ്ങളെ വിശകലനം ചെയ്യാനും തീരുമാനങ്ങൾ എടുക്കാനും മെഷീനുകളെ പ്രാപ്തമാക്കുന്ന നിർദ്ദേശങ്ങൾ) ഉപയോഗിച്ച് തൊഴിൽ മന്ത്രാലയം ഇലക്ട്രോണിക് സിസ്റ്റം സജ്ജമാക്കിയിരുന്നു.

- Advertisement -

പ്രവാസികൾക്ക് പകരമായി ഖത്തരി പൗരന്മാർക്ക് സ്വകാര്യ മേഖലയിലെ ഏതെല്ലാം തൊഴിൽ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് കണ്ടെത്തുന്നതിന് ഡാറ്റയും സ്ഥിതിവിവരക്കണക്കുകളും വികസിപ്പിക്കുകയായിരുന്നു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അൽഗോരിതത്തിലൂടെ മന്ത്രാലയം ലക്ഷ്യമിട്ടത്. സ്വകാര്യ സ്ഥാപനങ്ങളുടെ
പ്രവർത്തനങ്ങളുടെ സ്വഭാവം, സ്ഥാപനങ്ങളുടെ മൂലധനം, ജീവനക്കാരുടെ എണ്ണം, ശരാശരി ശമ്പളം എന്നിവയുമായി ബന്ധപ്പെട്ട ഡാറ്റയും സ്ഥിതിവിവരക്കണക്കുകളും തൊഴിൽ മന്ത്രാലയത്തിന് ഈ അൽഗോരിതത്തിലൂടെ ലഭ്യമാക്കും.

ഓരോ സ്വകാര്യ സ്ഥാപനത്തിലെയും സ്വദേശി വൽക്കരണത്തിന്റെ ശതമാനം ഈ സിസ്റ്റം വഴിയാണ് കണക്കാക്കുക.
ആവശ്യമായ എല്ലാ വിവരങ്ങളും സ്ഥിതിവിവരക്കണക്കുകളും ലഭിച്ച ശേഷം ഓരോ സ്വകാര്യ സ്ഥാപനത്തിനും ഖത്തറി ജീവനക്കാരുടെ എണ്ണം കൂട്ടുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.

- Advertisement -

ഖത്തറിലെ സ്വകാര്യ മേഖലയിൽ വിവിധ തസ്തികകളിലായി രണ്ട് മില്യണോളം വിദേശ പൗരന്മാർ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അവരിൽ ബഹുഭൂരിഭാഗവും നിർമ്മാണ, വ്യാവസായിക മേഖലകളിലും, ചരക്ക് സേവന മേഖലകളിലുമാണ് ജോലി ചെയ്യുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളിലോ ഷെയറുകളുള്ള കമ്പനികളിലോ ജോലി ചെയ്യുന്ന ഖത്തറി പൗരന്മാരുടെ അനുപാതം 60 ശതമാനമായി ഉയർത്താനും, എച്.ആർ ജീവനക്കാരിൽ 80 ശതമാനം ഖത്തർ പൗരന്മാരെ നിയമിക്കാനാണ് ഇതിലൂടെ ലക്ഷ്യമിസുന്നത്. സാമ്പത്തികം, ആരോഗ്യം, വിദ്യാഭ്യാസം,നിർമ്മാണം, ടൂറിസം, ഹോസ്പിറ്റാലിറ്റി, ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻസ് ടെക്നോളജി എന്നീ മേഖലകളിലാണ് സ്വദേശിവൽക്കരണത്തിലൂടെ കൂടുതൽ ഖത്തർ പൗരമാർക്ക് ജോലി നൽകാൻ ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടുണ്ട്.

Content Highlights: Cabinet approves draft law on nationalisation in private sector

Latest news
MORE IN LATEST NEWS

MOST POPULAR