കോവിഡ് നിയമങ്ങൾ ലംഘിക്കുന്നവർക്ക് മൂന്നു വർഷം വരെ തടവോ അല്ലെങ്കിൽ രണ്ടു ലക്ഷം ഖത്തർ റിയാൽ പിഴയോ ലഭിച്ചേക്കാമെന്നു മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നതാധികാരി. ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ നിയമങ്ങളുടെ അവബോധം വ്യക്തമാക്കാൻ നടത്തിയ വെബിനാറിലാണ് മെസയ്മീർ പോലീസ് സെക്ഷൻ തലവനായ ലെഫ്നന്റ് കേണൽ ഖലീഫ സൽമാൻ അൽ-മമാരി ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.
വെബിനാറിൽ ഖത്തർ നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തേക്കുറിച്ചും ലംഘനത്തിനുള്ള ശിക്ഷാനടപടികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കോവിഡ് നിയമങ്ങൾ കോടതിനിയമം 1900ൽ ഏഴാം നിയമത്തിലെ സാംക്രമിക രോഗങ്ങളെ തടയുന്നതുമായി ബന്ധപ്പെട്ടുള്ളതാണ്. ഈ നിയമത്തിലാണ് 3 വർഷത്തെ തടവോ അല്ലെങ്കിൽ 2 ലക്ഷം ഖത്തർ റിയാൽ പിഴയോ ഒടുക്കേണ്ടി വരുമെന്ന് പ്രതിപാദിക്കുന്നത്. ഖത്തറിലെ കോവിഡ് നിയമങ്ങൾ അതിന്റെ പ്രാധാന്യത്തോടുകൂടി പാലിക്കണമെന്നും അദ്ദേഹം വെബിനാറിൽ നിർദേശിച്ചു.
