വുഹാൻ: ആദ്യം പ്രമേഹമില്ലാത്തവരുടെ രക്തത്തിലെ ഗ്ലൂക്കോസ് നില കോവിഡ് ബാധയെ തുടര്‍ന്ന് ഉയരുന്നത് അപകടമാണെന്ന് പഠനങ്ങള്‍. ഇത്തരം രോഗികളില്‍ മരണത്തിനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണ്. മറ്റ് സങ്കീര്‍ണതകളും ഇവർ അഭിമുഖീകരിക്കേണ്ടതായി വരുമെന്നും വുഹാനിലെ ഹ്വാസ്‌ഹോങ് യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. യൂറോപ്യന്‍ അസോസിയേഷന്‍ ഫോര്‍ ദ് സ്റ്റഡി ഓഫ് ഡയബറ്റീസിന്റെ ജേണലായ ഡയബറ്റോളജിയയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.
പ്രമേഹമില്ലാത്ത കോവിഡ് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്തെ രക്തത്തിലെ ഗ്ലൂക്കോസ് തോതും (ഫാസ്റ്റിങ്ങ് ബ്ലഡ് ഗ്ലൂക്കോസ്) പിന്നീടുണ്ടാകുന്ന ചികിത്സാ പരിണാമങ്ങളുമാണ് പഠനത്തിന് വിധേയമാക്കിയത്. ഇത്തരത്തിൽ 605 കോവിഡ് രോഗികളെയാണ് ഈ വിധത്തില്‍ പഠനവിധേയമാക്കിയത്. ഇതില്‍ 114 പേര്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞു.
രക്തത്തില്‍ ഉയര്‍ന്ന ഗ്ലൂക്കോസ് തോതുള്ളവര്‍ മരിക്കാനുള്ള സാധ്യത അതില്ലാത്ത കോവിഡ് രോഗികളെ അപേക്ഷിച്ച് 2.3 മടങ്ങ് അധികമാണെന്ന് പഠനത്തില്‍ കണ്ടെത്തി. ഇത്തരത്തില്‍ മരണസാധ്യത സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്കാണ് കൂടുതലെന്നും പഠനം വ്യക്തമാക്കുന്നു.
രക്തത്തിലെ ഉയര്‍ന്ന ഗ്ലൂക്കോസ് രക്തം കട്ടപിടിക്കുന്നതിനും രക്തക്കുഴലുകളുടെ ഭിത്തികള്‍ ദുര്‍ബലമാകുന്നതിനും പ്രതിരോധ സംവിധാനത്തിലെ തന്മാത്രകളുടെ വര്‍ധിച്ച ഉത്പാദനത്തിനും കാരണമാകും. ഇത് മൂലമാണ് ഈ അവസ്ഥയിലുള്ള കോവിഡ് രോഗികളില്‍ മരണ നിരക്ക് ഉയരുന്നതെന്ന് ഗവേഷകര്‍ കരുതുന്നു.
English summary; English Summary: High blood sugar without previous diabetes diagnosis linked to Covid-19 death risk
