ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്ററിലെ അശോക ഹാളിൽ വെച്ച് ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ മഹിളാ അസോസിയേഷൻ നടത്തിയ കൈത്തറി എക്സിബിഷൻ സന്ദർശകബഹുല്യം കൊണ്ട് ശ്രദ്ദേയമായി.
ഇന്ത്യൻ മഹിളാ അസോസിയേഷന്റെ രക്ഷാധികാരിയും മുഖ്യാതിഥിയുമായ ഡോക്ടർ അൽപ്ന പട്ടേൽ ഉദ്ഘടനം നിർവഹിച്ച എക്സ്പോയിൽ ഇന്ത്യൻ കൾച്ചറൽ സെന്റർ പ്രസിഡന്റ് ബാബു രാജനും സന്നിഹിതനായിരുന്നു.
കൈത്തറി സാരികളും ഡ്രസ്സ് മെറ്റീരിയലുകളും ദുപ്പട്ടകളും പ്രദർശനത്തിലുണ്ടായിരുന്നു. കരകൗശലവിദഗ്ദരുടെ സൃഷ്ടികളും മഹിളാ അസോസിയേഷൻ അംഗങ്ങളിൽ ചിലർ കൈകൊണ്ട് നിർമ്മിച്ച ഉത്പന്നങ്ങളും മേളയിൽ പ്രദർശിപ്പിച്ചു. കൈത്തറി നെയ്ത്തുകാരുടെ കലാചാതുര്യത്തിനൊപ്പം ഇന്ത്യൻ സംസ്കാരത്തിന്റെ സമ്പന്നതയും വൈവിധ്യവും മേളയിൽ പ്രതിഫലിച്ചു.
വസ്ത്രങ്ങൾ മാത്രമല്ല, അവയിലെ ചിത്രപ്പണികൾ പോലും ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിന്റെയും അതുല്യത വ്യക്തമാക്കുന്നത് സന്ദർശകരിൽ മതിപ്പുളവാക്കി. ഇന്ത്യക്കാർ മാത്രമല്ല ഖത്തർ മഹിളാ അസോസിയേഷനിലെ അംഗങ്ങളും അന്താരാഷ്ട്ര പ്രതിനിധികളും പ്രദർശനം കാണുന്നതിനായി എത്തിയിരുന്നു.
