ദോഹ: ഖത്തർ കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ നാലാം ഘട്ടത്തിലാണ്. രാജ്യം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. എന്നാൽ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനം പൂർണമായും ഉദ്യോഗസ്ഥരോട് സഹകരിച്ചില്ലെങ്കിൽ കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് പോവുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
സാധാരണ ജനങ്ങൾക്കിടയിലാണ് കോവിഡ് വ്യാപനത്തിന്റെ തോത് വർധിക്കുക. അതിനാൽ തന്നെ പൊതുജനം കർശനമായും കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ചു. നിലവിൽ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം മൂവായിരത്തിൽ താഴെയാണെങ്കിലും അത് പൂജ്യത്തിലേക്ക് എത്താൻ ജനങ്ങളുടെ പരിപൂർണ സഹകരണം അത്യാവശ്യമാണ്.
കോവിഡ് സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നതിൽ ആളുകൾ അലംഭാവം കാണിക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. സാനിറ്റൈസറുകൾ ഉപയോഗിക്കുക, മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കാര്യങ്ങളിൽ കാർക്കശ്യം പുലർത്തിയില്ലെങ്കിൽ കോവിഡിന് പൂർണമായും തടയിടാൻ കഴിയില്ല. അതിനാൽ ജനങ്ങൾ ജാഗ്രത കാണിക്കേണ്ടത് അത്യാവശ്യമാണെന്നും ഹമദ് ആശുപത്രിയിലെ ആരൊഗ്യ വിദഗ്ധർ പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഖത്തർ ക്യാബിനറ്റും കഴിഞ്ഞ ദിവസം നടത്തിയ യോഗത്തിൽ ഇതേ കാര്യം ആവർത്തിച്ചിരുന്നു.
ഹോം ക്വാറന്റൈൻ നിയമങ്ങൾ ലംഘിച്ചതിന് പൊതുജനാരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ ആറ് പേരെയാണ് അറസ്റ്റ് ചെയ്തത്.
English Summary; Health Experts in HMC warns public to be beware of covid and to take strict safety measures to defend it
