ദോഹ: ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ ക്രമേണ നീക്കുകയും പൊതുസ്ഥലങ്ങൾ സന്ദർശകർക്കായി വീണ്ടും തുറക്കുകയും ചെയ്യുമ്പോഴും കോവിഡിനെതിരായ എല്ലാ മുൻകരുതൽ നടപടികളും കർശനമായി പാലിക്കണമെന്ന് ആവർത്തിച്ച് ആരോഗ്യ വിദഗ്ധർ.
“രോഗ ബാധിതരുടെ എണ്ണം കുറയുന്നു എന്നാൽ വൈറസ് പൂർണ്ണമായും അവസാനിച്ചു എന്ന് അർഥം. തുടർച്ചയായ പ്രതിരോധവും മുൻകരുതലുകളും ഇനിയൊരു ദുരന്തം അല്ലെങ്കിൽ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ഒഴിവാക്കാൻ അത്യാവശ്യമാണ്”, ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. യൂസഫ് അൽ മസ്ലാമണി പറഞ്ഞു.
കോവിഡിന്റെ ശക്തി കുറഞ്ഞുവെന്ന തെറ്റിദ്ധാരണ പലർക്കും ഉണ്ടെന്നും സുരക്ഷാ മുൻകരുതലുകൾ അവഗണിക്കുന്നതിലൂടെ അവർ രോഗബാധിതരാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈറസ് ബാധ ഒഴിഞ്ഞുവെന്ന് വിശ്വസിച്ച് ആളുകൾ മുൻകരുതൽ നടപടികൾ പൂർണ്ണമായും പാലിക്കാതിരുന്നതിനാൽ കോവിഡിന്റെ രണ്ടാം വരവിൽ പ്രതിസന്ധിയിലായ ഓസ്‌ട്രേലിയ, ഹോങ്കോംഗ്, ജർമ്മനി എന്നീ രാജ്യങ്ങളുടെ ഉദാഹരണം അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഇതിൽ തന്നെ കോവിഡ് കേസുകളുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്ന് ഓസ്‌ട്രേലിയയിലെ മെൽബണിൽ ആറ് ആഴ്ചത്തെ ലോക്ക്ഡൗൺ ആരംഭിച്ചതും അദ്ദേഹം എടുത്തു പറഞ്ഞു.
നിലവിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്ന ഖത്തറിൽ ഇങ്ങനെയൊരു രണ്ടാം തരംഗം ഉണ്ടാവാതിരിക്കാൻ ജനം ജാഗരൂഗരായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
“ആളുകൾ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുന്നത് തുടരേണ്ടത് പ്രധാനമാണ്. വൈറസ് ഒഴിവാക്കാൻ സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, കൈ ഇടക്കിടെ ശുചിയാക്കുക എന്നിവ കർശനമായി പാലിക്കേണ്ടത് പ്രധാനമാണ്. ഇത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്”, അദ്ദേഹം പറഞ്ഞു.
English summary; Health experts in Qatar warns public to keep following strict precautions to defend COVID-19 to avoid a second wave of the pandemic in Qatar
