ദോഹ: പെരുന്നാളിന്റെ ആദ്യ മൂന്നു ദിവസങ്ങളിൽ ഖത്തർ ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (എച്ച്എംസി) അത്യാഹിത വിഭാഗങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം മുൻ വർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞുവെന്നും റിപ്പോർട്ട് ചെയ്ത കേസുകളുടെ സ്ഥിതി ഗുരുതരമല്ലെന്നും അധികൃതർ അറിയിച്ചു.
ഹമദ് ജനറൽ ആശുപത്രി (എച്ച്ജിഎച്ച്), അൽ വക്ര ആശുപത്രി എന്നിവിടങ്ങളിലെ അത്യാഹിത വിഭാഗത്തിൽ 3,191 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 1,349 കേസുകൾക്കാണ് ആംബുലൻസ് സർവീസ് ആവശ്യമായി വന്നതെന്നും അധികൃതർ വ്യക്തമാക്കി .
“മുൻവർഷങ്ങളെ അപേക്ഷിച്ച് അത്യാഹിത വിഭാഗത്തിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം കുറഞ്ഞു. അടിയന്തിര സാഹചര്യങ്ങളിൽ അവർ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് പോകുന്നുണ്ട്, ”എച്ച്എംസിയിലെ എമർജൻസി മെഡിസിൻ വകുപ്പ് കോർപ്പറേറ്റ് അഫയേഴ്‌സ് വൈസ് ചെയർമാൻ ഡോ. ഗലാൽ സാലിഹ് അൽ എസ്സായി പറഞ്ഞു.
രജിസ്റ്റർ ചെയ്ത മിക്ക കേസുകളും ദഹന, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കേസുകൾ ആയിരുന്നു.
“ഈദ് ദിവസങ്ങളായതിനാൽ രോഗികളെ സ്വീകരിക്കാൻ ഞങ്ങൾ നന്നായി തയ്യാറായതിനാൽ എല്ലാം സുഗമമായിരുന്നു. പ്രത്യേക ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ വിദഗ്ധർ എന്നിവരുൾപ്പെടുന്ന സംഘം ഏതു സാഹചര്യത്തെയും നേരിടാൻ തയ്യാറായിരുന്നു ,” അദ്ദേഹം കൂട്ടിച്ചേർത്തു.
English summary: HMC registers decline in emergency cases during this year’s Eid season
