ദോഹ: ഇൻഫ്ലുവൻസ വൈറസ് ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുമെന്നും ആശുപത്രിയിലേക്കും മരണത്തിലേക്കും നയിക്കുമെന്നും ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ഓരോ വർഷവും പനി ബാധിച്ച് 500 ൽ അധികം ആളുകൾ ഹമദ് മെഡിക്കൽ കോർപ്പറേഷൻ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നു.
“ഫ്ലൂ വെറുമൊരു കടുത്ത ജലദോഷമല്ല. അതൊരു ഗുരുതരമായ രോഗമാണ്. മൂക്ക്, തൊണ്ട, ചിലപ്പോൾ ശ്വാസകോശം എന്നിവയെ ബാധിക്കുന്ന ഇൻഫ്ലുവൻസ വൈറസുകൾ മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് ഫ്ലൂ. ഇത് നേരിയതോ ഗുരുതരമായതോ ആയ അസുഖങ്ങൾക്ക് ഇടയാക്കും. ചിലപ്പോൾ മരണത്തിനും വരെ ഇടയാക്കിയേക്കാം. ഓരോ വർഷവും ഖത്തറിൽ ഇൻഫ്ലുവൻസയും അതിന്റെ സങ്കീർണതകളും കാരണം 500 ൽ അധികം ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും എട്ട് മുതൽ 12 വരെ രോഗികൾ ഇൻഫ്ലുവൻസ കാരണം മരിക്കുകയും ചെയ്യുന്നുണ്ട്.” എച്ച്എംസി കമ്മ്യൂണിക്കബിൾ ഡിസീസ് സെന്റർ മെഡിക്കൽ ഡയറക്ടർ ഡോ. മുന അൽ മസ്ലാമണി പറഞ്ഞു,
“ഇൻഫ്ലുവൻസ പ്രതിരോധ കുത്തിവയ്പ്പിലൂടെ ഇൻഫ്ലുവൻസ മൂലമുണ്ടാകുന്ന രോഗങ്ങൾ കുറയ്ക്കാനും ഡോക്ടർമാരെ കാണുന്നത് ഒഴിവാക്കാനും ഫ്ലൂ കാരണം ജോലിസ്ഥലവും സ്കൂളും നഷ്ടപ്പെടാതിരിക്കാനും ഫ്ലൂ സംബന്ധമായ ആശുപത്രിവാസവും മരണവും തടയാനും കഴിയും,” ഡോ. മുന അൽ മസ്ലാമണി പറഞ്ഞു.
“ആറുമാസവും അതിനുമുകളിലും പ്രായമുള്ള എല്ലാവർക്കും പ്രത്യേകിച്ച് ഗർഭിണികൾ, 50 വയസ്സിനു മുകളിൽ പ്രായമുള്ളവർ, വിട്ടുമാറാത്ത രോഗങ്ങൾ ഉള്ളവർ, കൊച്ചുകുട്ടികൾ തുടങ്ങിയ ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകളിലുള്ളവർ നിർബന്ധമായും ഇൻഫ്ലുവൻസ വാക്സിൻ എടുക്കണം.”
“ഇൻഫ്ലുവൻസയുടെ വ്യാപനവും ഗുരുതരമായ സങ്കീർണതകളുടെ അപകടസാധ്യത കുറയ്ക്കുന്നതിനും നമ്മുടെ സമൂഹത്തിലെ ഏറ്റവും ദുർബലരായവരെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നതിനുമായി ഈ വർഷം നിങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കുന്നത് മുമ്പത്തേക്കാളും പ്രധാനമാണ്.” മുന അൽ മാസ്ലാമണി കൂട്ടിച്ചേർത്തു.
