ദോഹ: ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ സംഘടിപ്പിച്ച ഏഷ്യൻ കമ്മ്യൂണിറ്റീസ് ഫുട്‌ബോൾ ടൂർണമെന്റിൽ ശനിയാഴ്ച വൈകുന്നേരം ദോഹ സ്റ്റേഡിയത്തിൽ നടന്ന 2021-22 പതിപ്പിന്റെ ഫൈനലിൽ പലസ്തീനെ 3-2ന് തോൽപ്പിച്ച് ഇന്ത്യൻ കമ്മ്യൂണിറ്റി ടീം ജേതാക്കളായി.
60 മിനിറ്റ് നീണ്ട ആവേശകരമായ ഗെയിമിന് ശേഷം മത്സരത്തിൽ ഇന്ത്യ രണ്ടാം കിരീടം നേടി. ആറാം മിനിറ്റിൽ ഒമർ നാസറിലൂടെ പലസ്തീൻ സ്കോറിങ്ങിനു തുടക്കമിട്ടെങ്കിലും 17, 24 മിനിറ്റുകളിൽ മുഹമ്മദ് മുഫീർ അലിയുടെയും റീഡ് സീമന്റെയും ഗോളിലൂടെ ഇന്ത്യ തിരിച്ചടിച്ചു.
ഇടവേളയ്ക്കുശേഷം 35-ാം മിനിറ്റിൽ സാധിക് പുളിക്കൽ മൂന്നാം ഗോളുമായി ഇന്ത്യയുടെ ലീഡ് ഉയർത്തി.
50-ാം മിനിറ്റിൽ പലസ്തീന് പെനാൽറ്റി ലഭിക്കുന്നതുവരെ ഇന്ത്യൻ ടീം കിരീടത്തിലേക്ക് അനായാസം നീങ്ങുന്നതായി കാണപ്പെട്ടു. പലസ്തീന്റെ മഹമൂദ് ബാദർ പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ചതോടെ നാടകീയമായ ഒരു ഫൈനലിനാണ് ഫുട്ബോൾ ആരാധകർ സാക്ഷ്യം വഹിച്ചത്. പക്ഷേ വിജയം അവകാശപ്പെടാനും ട്രോഫി വീട്ടിലേക്ക് കൊണ്ടുപോകാനുമുള്ള സമ്മർദ്ദത്തെ ഇന്ത്യ അതിജീവിക്കുകയായിരുന്നു.
