തിരുവനന്തപുരം: മാതൃസ്നേഹത്തിന്റെ സുന്ദരമായ ഒരു മാതൃകയാണ് ഡോ. മേരി അനിതയും കുടുംബവും നമുക്ക് കാണിച്ചതെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്. പ്രതീക്ഷിക്കാതെ വന്ന ഒരു പ്രതിസന്ധിയിലൂടെയാണ് നമ്മളിപ്പോൾ കടന്നു പോകുന്നത്. ലോകമൊട്ടാകെ ഒന്നായി നിന്ന് ഒരു പ്രതിസന്ധിക്കെതിരെയുള്ള പോരാട്ടത്തിലാണ്. വൈറസിന് വിട്ടുകൊടുക്കാതെ ഓരോ ആളുകളുടെയും വിലപ്പെട്ട ജീവന് സംരക്ഷിക്കുക എന്ന വലിയ ലക്ഷ്യമാണ് നമുക്ക് മുന്നിലുള്ളത്. അതിനായി എല്ലാവരും ഒത്തൊരുമിച്ച് ഐക്യത്തോടെ നിലയുറപ്പിച്ചേ തീരൂ. ആ ലക്ഷ്യം നിറവേറ്റാന്‍ നമ്മുടെ കൈവശമുള്ള ഏറ്റവും ശക്തമായ ആയുധം മനുഷ്യത്വമാണ്, നമ്മുടെ സഹജീവികളോടുള്ള കറകളഞ്ഞ സ്നേഹമാണ്.
അത്തരം നിസ്വാർത്ഥ സ്നേഹത്തിന്റെ ഉദാത്തമായ ഒരു മാതൃകയാണ് ഡോ. മേരി അനിതയും കുടുംബവും നമുക്ക് മുന്നില്‍ കാട്ടിയത്. അമ്മയും അച്ഛനും ക്വാറന്റീനില്‍ പോകേണ്ടി വന്ന നിർബന്ധിത സാഹചര്യത്തില്‍ ആറു മാസം മാത്രം പ്രായമുള്ള അവരുടെ കുഞ്ഞിനെ ഏറ്റെടുക്കുകയും, ഒരു മാസത്തോളം ആ കുഞ്ഞിനെ സ്വന്തം കുഞ്ഞായി സംരക്ഷിക്കുകയും ചെയ്ത അനിത മേരിയെ പോലുള്ളവരുടെ സേവനമാണ് ഈ ദുരിതപ്പെയ്ത്തിലും മുന്നോട്ട് നീങ്ങാൻ നമുക്ക് ഊർജ്ജമാവുന്നത്. ഡോക്ടറോടും കുടുംബത്തോടും കേരളം ഏറ്റവും ഹാര്‍ദ്ദമായി നന്ദി പറയുന്നു. എല്ലാത്തിനും മീതെ മനുഷ്യത്വം ഇങ്ങനെ ജ്വലിച്ചുയര്‍ന്നു നില്ക്കുമ്പോള് ഒരു മഹാമാരിയ്ക്കും ഒരു ദുരന്തത്തിനും നമ്മളെ കീഴ്പെടുത്താന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
English summary; Kerala CM appreciates Dr Mary Anitha who took care of 6 months old baby while his parents under went quarantine
