ഖത്തർ : ഖത്തറിൽ ലോകകപ്പ് ഫുട്‌ബോൾ ആരാധകർക്കിടയിൽ താരമായിരിക്കുകയാണ് ‘മെട്രോ ഗൈ’ എന്നു വിളിപ്പേര് കിട്ടിയ ഒരു മെട്രോ ജീവനക്കാരൻ.
ലോകകപ്പ് ആരാധകരെ സൂഖ് വാഖിഫ് മെട്രോ സ്റ്റേഷനിലേക്ക് നയിക്കാൻ ചുമതലപ്പെടുത്തിയ ജീവനക്കാരൻ, തന്റെ ജോലി നിർവഹിക്കുന്നതിൽ കാണിച്ച ആവേശം ഓൺലൈനിൽ ചർച്ചാവിഷയമായിരിക്കുകയാണ്.
ഒരു ഉയർന്ന കസേരയിൽ ഇരുന്നുകൊണ്ട് കെനിയക്കാരനായ ആ മനുഷ്യൻ മെഗാഫോണിൽ “മെട്രോ” എന്ന വാക്ക് ഉരുവിടുട്ടുകൊണ്ട് ഒരു വലിയ ചൂണ്ടുവിരൽ കൊണ്ട് മെട്രോയിലേക്ക് ജനക്കൂട്ടത്തെ നയിക്കുന്ന ജോലിയാണ് ആരാധകർക്ക് കൗതുകമായത്.
തന്റെ ജോലിയിലുള്ള അദ്ദേഹത്തിന്റെ ആവേശം ആളുകളെ ആകർഷിച്ചു. എണ്ണമറ്റ ടിക് ടോക്ക് വീഡിയോകളിൽ അദ്ദേഹത്തിന്റെ “മെട്രോ ഗൈ” എന്ന ഹാഷ്‌ടാഗിലുള്ള വീഡിയോ ആളുകൾ ടിക്ക്ടോക്കിൽ 12.4 ദശലക്ഷം തവണ കണ്ടു.
അദ്ദേഹം പുതിയതായി തുടങ്ങിയ ടിക്ക്ടോക് അക്കൗണ്ടിൽ ഇതിനോടകം തന്നെ 35,000ലധികം ആളുകൾ ഫോളോ ചെയ്യുന്നുണ്ട്. തന്റെ വീഡിയോ വൈറലായതോടെ നിരവധി സമ്മാനങ്ങളും ഈ കെനിയക്കാരനെ തേടിയെത്തി. “മെട്രോ” എന്നു മെഗാഫോണിലൂടെ പറയുമ്പോൾ “ഇതുവഴി” എന്നു ഇംഗ്ലീഷിൽ ആരാധകർ ഒപ്പം പറയുന്ന വീഡിയോകളും വൈറലാവുകയാണ്.
