ദോഹ: നവംബർ 30 മുതൽ ഡിസംബർ 18 വരെ രാജ്യത്ത് ആതിഥേയത്വം വഹിക്കുന്ന ഫിഫ അറബ് കപ്പ് ഖത്തർ 2021ന്റെ ഭാഗമാകുന്ന ഹോട്ടലുകൾക്കുള്ളിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള നിയന്ത്രണ നടപടികൾ പൊതുജനാരോഗ്യ മന്ത്രാലയം (എംഒപിഎച്ച്) ശക്തമാക്കി.
ഈ സാഹചര്യത്തിൽ അറബ് കപ്പിൽ പങ്കെടുക്കുന്ന ഹോട്ടലുകൾ, പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള ആരോഗ്യ ആവശ്യകതകൾ പാലിക്കുന്നതിന്റെ അളവ് പരിശോധിക്കാനും ഭക്ഷ്യ സുരക്ഷയുടെ മികവിലേക്ക് ഉയരുന്നതിനായും മന്ത്രാലയം നാല് ഘട്ടങ്ങളുള്ള സംയോജിത നിയന്ത്രണം തയ്യാറാക്കിയിട്ടുണ്ടെന്ന് പൊതുജനാരോഗ്യമന്ത്രാലയത്തിലെ ഭക്ഷ്യസുരക്ഷ, പരിസ്ഥിതി ആരോഗ്യ ഡയറക്ടർ വസൻ അബ്ദുല്ല അൽ ബേക്കർ പറഞ്ഞു.
ഈ പദ്ധതിയുടെ ആദ്യ ഘട്ടം രണ്ട് മാസം മുമ്പ് ആരംഭിച്ചിരുന്നു. ഹോട്ടലുകൾ ഭക്ഷ്യസുരക്ഷയ്‌ക്കായുള്ള ആരോഗ്യ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് അളക്കുന്നതിനുള്ള പ്രാഥമിക വിലയിരുത്തൽ ആരംഭിച്ചു കഴിഞ്ഞു.
അറബ് കപ്പിന്റെ ഭാഗമാകുന്ന 12 ഹോട്ടലുകളുടെ സമഗ്രമായ ഓഡിറ്റ് പ്രക്രിയയാണ് മൂല്യനിർണയമെന്ന് അവർ പറഞ്ഞു.
മൂല്യനിർണ്ണയ പ്രക്രിയയിൽ, ഭക്ഷ്യ വ്യാപാരത്തിന്റെ സുരക്ഷയെ ഏറ്റവും കൂടുതൽ ബാധിക്കുന്ന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഇൻസ്പെക്ടർമാർ ഭക്ഷണം തയ്യാറാക്കുന്നതിന്റെയും ഹോട്ടൽ അടിസ്ഥാന സൗകര്യങ്ങളുടെയും വിവിധ ഘട്ടങ്ങൾ പരിശോധിക്കുകയും പ്രതിരോധ പദ്ധതിയുടെ ഫലപ്രാപ്തിയും തൊഴിലാളികളുടെ പരിശീലനത്തിന്റെ വ്യാപ്തിയും പരിശോധിക്കുകയും ചെയ്തു.
കൂടാതെ ഭക്ഷ്യസുരക്ഷാ നിയമങ്ങളെക്കുറിച്ചുള്ള അവബോധവും, മൂല്യനിർണ്ണയ പ്രക്രിയയുടെ ശുപാർശകളും ആവശ്യമായ തിരുത്തൽ നടപടികളും നടപ്പിലാക്കുന്നതിന്റെ മേൽനോട്ടം വഹിക്കുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഇൻസ്പെക്ടർമാർ ഹോട്ടലുകളിൽ പരിശോധനാ സന്ദർശനങ്ങൾ സംഘടിപ്പിക്കുന്നുണ്ടെന്നും വ്യക്തമാക്കി.
