അന്താരാഷ്ട്ര യാത്രാ ആവശ്യകതകൾക്കായി പൊതുജനാരോഗ്യ മന്ത്രാലയം അതിന്റെ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിന്റെ ഫോർമാറ്റിൽ വാക്സിനിലെ ബൂസ്റ്റർ ഡോസ് കൂടി ഉൾപ്പെടുത്തി പരിഷ്കരിച്ചു.
പുതുക്കിയ സർട്ടിഫിക്കറ്റ് ഫോർമാറ്റിൽ ഇപ്പോൾ കോവിഡ് -19 വാക്സിൻ ബൂസ്റ്റർ ഡോസുകൾ ലഭിച്ച വ്യക്തികൾക്കുള്ള വിശദാംശങ്ങൾ കൂടി ഉൾപ്പെടുന്നു. കൂടാതെ ഖത്തർ എയർവേയ്‌സ് ഐഎടിഎ ട്രാവൽ പാസ് ഡിജിറ്റൽ പാസ്‌പോർട്ടിന്റെ മൊബൈൽ ആപ്പ്, യൂറോപ്യൻ യൂണിയൻ ഡിജിറ്റൽ കോവിഡ് സർട്ടിഫിക്കറ്റുകൾ
എന്നിവയുമായി ബന്ധപ്പെട്ട അധിക വിവരങ്ങൾ കൂടി അടങ്ങിയിരിക്കുന്നു.
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് മുൻപേ തന്നെ നേടിയവർക്ക് മുൻ സർട്ടിഫിക്കറ്റ് ഫോർമാറ്റ് സാധുതയുള്ളതാണെന്നും ഖത്തറിലും വിദേശത്തും വാക്സിനേഷന്റെ തെളിവായി തുടർന്നും ഉപയോഗിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. പുതിയ സർട്ടിഫിക്കറ്റ് ഫോർമാറ്റ് വീണ്ടും പ്രിന്റ് ചെയ്യാനോ ഡൗൺലോഡ് ചെയ്യേണ്ട ആവശ്യമോ വരുന്നില്ല.
മൂന്നാമത്തെ കോവിഡ് -19 വാക്സിൻ ഡോസ്/ബൂസ്റ്റർ ഡോസ് ഇതിനകം തന്നെ ലഭിച്ചവർക്ക് പുതിയ സർട്ടിഫിക്കറ്റുകൾ പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ കോവിഡ് -19 വെബ്സൈറ്റിൽ നിന്ന് ഒക്ടോബർ 20 ബുധനാഴ്ച മുതൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഓൺലൈനിൽ സർട്ടിഫിക്കറ്റ് അഭ്യർത്ഥിക്കുന്ന വ്യക്തികൾ അവരുടെ വാക്സിൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി അവരുടെ ഉപയോക്തൃനാമവും പാസ് വേഡും ഉപയോഗിച്ച് നാഷണൽ ഓതന്റിക്കേഷൻ സിസ്റ്റത്തിലേക്ക് (NAS) അല്ലെങ്കിൽ തൗതീഖിലേക്കോ ലോഗിൻ ചെയ്യേണ്ടതുണ്ട്.
പ്രാഥമിക വാക്സിൻ സീരീസിന്റെ മുഴുവൻ കോഴ്സും പൂർത്തിയാക്കുന്ന വ്യക്തികൾക്ക് (ഫൈസർ-ബയോഎൻടെക്, മോഡേണ, ആസ്ട്രാസെനെക്ക ഇവയുടെ രണ്ട് ഡോസുകൾ അല്ലെങ്കിൽ ജാൻസന്റെ ഒരു ഡോസ്) അവസാന ഡോസ് അഡ്മിനിസ്ട്രേഷൻ തീയതി കഴിഞ്ഞ് ഏഴ് ദിവസത്തിനു ശേഷം പുതിയ സർട്ടിഫിക്കറ്റ് ലഭ്യമാകും.
മൂന്നാമത്തെ ഡോസ്/ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്ന വ്യക്തികൾക്ക്, മൂന്നാം ഡോസ് നൽകിയതിനു 24 മണിക്കൂറിനുള്ളിൽ പുതിയ സർട്ടിഫിക്കറ്റ് ലഭ്യമാകും.
കോവിഡ് -19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ ഈ പറയുന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം https://cert-covid19.moph.gov.qa/Home/Index
