കൊച്ചി : പ്രവാചകപിറവിയുടെ പുണ്യസ്മരണകളുണർത്തുന്ന ദിനത്തിൽ നബി സന്ദേശങ്ങൾക്ക് ഏറെ പ്രസക്തിയേറുന്ന കാലഘട്ടമാണിതെന്നു നാഇബെ ഖുതുബുസ്സമാൻ. കരാർ പുതുക്കുക, പ്രവാചകരെ അറിയിക്കുക എന്നാ മുദ്രവാക്യത്തോടെ നബി ദിനത്തോടനുബന്ധിച്ച് ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന മിലാദ് ക്യാമ്പനിയിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമീപകാലത്ത് ജാതിയുടെയും മതത്തിന്റെയും പേരിൽ രാജ്യത്ത് വലിയ രീതിയിലുള്ള ചേരിതിരിവുകൾ ഉണ്ടാകുന്നതിനെ ഉദ്ധരിച്ചാണ് ജിലാനി സെന്റർ സ്റ്റഡി ദേശീയ അധ്യക്ഷനായ നാഇബെ ഖുതുബുസ്സമാൻ ശൈഖ് നിസാമുദ്ധീൻ സുൽത്താൻ ശാഹ് ഖാദിരി ചിശ്തി സംസാരിച്ചത്.
ലോകം ഉറ്റുനോക്കുന്ന ഈ മഹാമാരിക്കാലത്തും മനുഷ്യമനസുകളിൽ ഇത്തരം അകൽച്ചകൾ വർധിക്കുന്നത് ഏറെ ആശങ്കയുയർത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രവാചക തിരുമേനിയുടെ പേരിൽ ആഗോളത്തലത്തിൽ നടക്കുന്ന മതപരമായ മുതലെടുപ്പുകളെ അദ്ദേഹം അപലപിക്കുകയും ചെയ്തു.
പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ഇസ്ലാംമതവിശ്വാസികൾ നബിദിനമായി ആചാരിക്കുന്ന വേളയിൽ അദ്ദേഹത്തിന്റെ വാക്കുകൾ ജീവിതത്തിൽ സ്വായക്തമാക്കുവാനും മനുഷ്യമനസുകളിൽ അടിഞ്ഞുകൂടുന്ന വെറുപ്പും വിദ്വേഷവും ഒഴിവാക്കി എല്ലാവരും പരസ്പരസ്നേഹത്തോടെയും സഹകരണത്തോടെയും ജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു
