ദോഹ: ഖത്തറിന്റെ ദേശീയരോഗ്യപദ്ധതി 2018-22 ന്റെ ആരോഗ്യമുള്ള വനിതകൾക്ക് ആരോഗ്യമുള്ള ഗർഭാവസ്ഥ മിഷന്റെ ഹെഡായ ഡോക്ടർ നജത് ഖേനിയാബ് വാക്‌സിൻ എടുക്കാത്ത ഗർഭിണികളോട് ഉടൻ വാക്‌സിനേഷൻ പൂർത്തിയാക്കി ഗർഭസ്ഥ ശിശുവിനെക്കൂടി കോവിഡ് പ്രതിരോധത്തിന് പ്രാപ്തമാക്കണമെന്നു ആവശ്യപ്പെട്ടു. കോവിഡിന്റെ ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യം ഖത്തറിൽ കണ്ടെത്തിയതിനാൽ ഗർഭിണികൾ കൂടുതൽ ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു.
ഡെൽറ്റ വകഭേദം കൂടുതൽ സങ്കീർണമായ രോഗബാധ സൃഷ്ടിക്കുന്നതിനാൽ ഗർഭിണികൾ വാക്‌സിൻ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ഡോക്ടർ നജത് ഖേനിയാബ് വ്യക്തമാക്കുന്നു. ഡെൽറ്റ വകഭേദം വളരെ പെട്ടെന്നു പടരുകയും മറ്റു ഇനം കോവിഡുകളേക്കാൾ മാരകമായ ലക്ഷണങ്ങൾ ഉണ്ടാക്കുകയും ചെയ്യുമെന്ന് ഡോക്ടർ മുന്നറിയിപ്പു നൽകുന്നു. ഗർഭാവസ്ഥയിൽ കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നത് കൊണ്ട് കോവിഡ് മൂലമുണ്ടായേക്കാവുന്ന കടുത്ത അസുഖങ്ങളിൽ നിന്നും സുരക്ഷ നേടാമെന്നും ഡോക്ടർ പറഞ്ഞു.
ലോകമെമ്പാടും ആയിരക്കണക്കിന് ഗർഭിണികൾ വാക്‌സിനുകൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രത്യേകിച്ച് ഖത്തറിൽ നൽകിക്കൊണ്ടിരിക്കുന്ന വാക്‌സിനുകളായ ഫൈസർ, മൊഡേണ വാക്‌സിനുകൾ ഗർഭിണികളിൽ പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നില്ലെന്നു കണ്ടെത്തിയിട്ടുണ്ടെന്നും ഡോക്ടർ ഉറപ്പു നൽകുന്നു. വാക്‌സിനുകൾ ഫലപ്രദമാണെന്നും ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിച്ചവരെല്ലാം തന്നെ വാക്‌സിനുകൾ സ്വീകരിക്കാത്തവരാണെന്നും ഡോക്ടർ നജത് ഖേനിയാബ് ചൂണ്ടിക്കാണിച്ചു.
