കോവിഡ് മഹാമാരിക്കെതിരായ ആഗോള പോരാട്ടത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി മാറിയിരിക്കുകയാണ് ലോകത്തിലെ മുൻനിര എയർ കാർഗോ കാരിയറായ ഖത്തർ എയർവേയ്സ് കാർഗോ. ലോകത്തിന്റെ നാനാഭാഗത്തേക്ക് 100 ദശലക്ഷത്തിലധികം കോവിഡ് -19 വാക്സിനുകൾ എത്തിക്കാൻ ഖത്തർ എയർവേസിനു സാധിച്ചിരിക്കുകയാണ്.
വാക്സിൻ ഡെലിവറി ആരംഭിച്ചതുമുതൽ ഖത്തർ എയർവേസ് കാർഗോ കാരിയർ ആഗോളതലത്തിൽ മഹാമാരിയുടെ ആഘാതം മൂലം വിഷമിക്കുന്ന എല്ലാ രാജ്യങ്ങളിലേക്കും സമൂഹങ്ങളിലേക്കും സുപ്രധാന വസ്തുക്കൾ എത്തിക്കുന്നതിന് സഹായിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
” വാക്സിൻ വിതരണ പരിപാടികൾ ആരംഭിച്ചതിനുശേഷം ലോകമെമ്പാടും ഞങ്ങൾ കൊണ്ടുപോയ COVID-19 വാക്സിനുകളുടെ എണ്ണം100 ദശലക്ഷമാണ്. തങ്ങളുടെ ‘ഹ്യുമാനിറ്റേറിയൻ എയർഫ്രൈറ്റ്’ സംരംഭത്തെ പിന്തുണയ്ക്കുന്നതിനായി ഓർഗനൈസേഷനുമായുള്ള ധാരണാപത്രത്തിന്റെ (എംഒയു) ഭാഗമായി യൂനിസെഫിനുള്ള വാക്സിനുകളും ഇതിൽ ഉൾപ്പെടുന്നു, ”ഖത്തർ എയർവേയ്സ് കാർഗോ അതിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ വ്യക്തമാക്കി.
ഖത്തർ എയർവേയ്സിന്റെ ചരക്ക് വിഭാഗമായ ഖത്തർ എയർവേയ്സ് കാർഗോ യൂനിസെഫിന്റെ ഹ്യുമാനിറ്റേറിയൻ എയർഫ്രൈറ്റ് ഇനിഷ്യേറ്റീവിനെ പിന്തുണയ്ക്കുന്നതിനായി ഈ വർഷം ആദ്യം അഞ്ച് വർഷത്തേക്ക് യുണിസെഫുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു.
ഈ സംരംഭത്തിലൂടെ ഖത്തർ എയർവേയ്സ് കാർഗോയും യൂണിസെഫും അതിന്റെ ചരക്ക് കൈമാറ്റക്കാരും ചേർന്ന് അതിന്റെ വിപുലമായ ആഗോള ശൃംഖലയും ശേഷിയും പ്രയോജനപ്പെടുത്തി വാക്സിനുകൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, നിർണായക സപ്ലൈസ് എന്നിവയുടെ ഗതാഗതത്തിന് മുൻഗണന നൽകും.
ആധുനിക സൗകര്യങ്ങളും ഫാർമസ്യൂട്ടിക്കൽസിൽ വൈദഗ്ധ്യവും ഉള്ളതിനാൽ, കാർഗോ കാരിയറിന് ലോകത്തെവിടെയും ഏത് തരത്തിലുള്ള കോവിഡ് -19 വാക്സിനും സുരക്ഷിതമായി കൊണ്ടുപോകാൻ കഴിയും.
