ദോഹ : ഖത്തര്‍ എയര്‍വെയ്സ് യാത്രക്കാര്‍ക്കായുള്ള ഫ്ലെക്സിബിള്‍ ബുക്കിങ്ങ് സൗകര്യം ഡിസംബര്‍ 31 വരെ നീട്ടി. യാത്രയില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ക്ക് രണ്ടു വര്‍ഷം വരെ ടിക്കറ്റ് കൈവശം വയ്ക്കാനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുന്നത്.
രണ്ടുവര്‍ഷ കാലയളവിനുള്ളില്‍ യാത്ര തിയതി എത്ര തവണ വേണമെങ്കിലും മാറ്റാനും ഇതിലൂടെ കഴിയും. യാത്രക്കാരന്‍റെ പരിധിക്കു പുറത്തുള്ള കാരണങ്ങള്‍ മൂലമാണ് യാത്ര തടസമാകുന്നത് എങ്കില്‍,യാത്ര ലക്ഷ്യവും മാറ്റാവുന്നതാണ്. ഖത്തര്‍ പ്രിവിലേജ് ക്ലബിന്‍റെ അംഗങ്ങള്‍ക്ക് അതെ ഭൂഖണ്ഡത്തില്‍ തന്നെ പെടുന്ന വിമാനതാവളത്തിലേയ്ക്കും ലക്ഷ്യംമാറ്റാവുന്നതാണ്.
90 നഗരങ്ങളിലേക്കായി എല്ലാ ആഴ്ചകളിലും 600ലേറെ സര്‍വീസുകള്‍ നിലവില്‍ ഖത്തര്‍ എയര്‍വെയ്‌സ് നടത്തുന്നുണ്ട്. വിമാനത്തിനകത്തും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ഏറ്റവും മികച്ച ശുചിത്വവും കോവിഡ് സുരക്ഷാ സൗകര്യങ്ങളുമാണ് ഒരുക്കിയിരിക്കുന്നതെന്ന് ഖത്തര്‍ എയര്‍വെയ്‌സ് കമ്പനി അവകാശപ്പെടുന്നു.
