ദോഹ: സൗദി അറേബ്യയിലെ ജിദ്ദയിൽ പ്രവർത്തിക്കുന്ന ഫ്രഞ്ച് നയതന്ത്രകാര്യാലയത്തിലെ (കോൺസുലേറ്റ്) സെക്യൂരിറ്റി ഗാർഡിനെ ആക്രമിച്ച സംഭവത്തില്‍ ഖത്തര്‍ അപലപിച്ചു. അക്രമണങ്ങള്‍ക്കും ഭീകരതയ്ക്കുമെതിരെയുള്ള ഖത്തറിന്റെ ശക്തമായ നിലപാട് വിദേശകാര്യ മന്ത്രാലയം ഇന്ന് പ്രസ്താവനയിലൂടെ ഒരിക്കല്‍കൂടി വ്യക്തമാക്കി.
കൂടാതെ ആക്രമണത്തില്‍ പരിക്കേറ്റ സൗദി അറേബ്യയിലെ ഫ്രഞ്ച് നയതന്ത്ര ഓഫീസിലെ ആക്രമിക്കപ്പെട്ട സെക്യൂരിറ്റി ഗാർഡിന്‍റെ ആരോഗ്യം വേഗം വീണ്ടെടുക്കാന്‍ പ്രത്യാശിക്കുന്നുവെന്നും മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
അതേസമയം ജിദ്ദയിലെ സെക്യൂരിറ്റി ഗാർഡിനെ ആക്രമിച്ച സംഭവത്തിലെ പ്രതിയായ സൗദി പൗരനെ ഇതിനോടകം പോലീസ് അറസ്റ്റുചെയ്തു. സൗദിയിലെ ഫ്രഞ്ച് എംബസി, കോൺസുലേറ്റ്, സൗദിയിലുള്ള ഫ്രഞ്ച് സമൂഹം എന്നിവയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സൗദി അധികാരികൾ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആക്രമണത്തില്‍ പരിക്കേറ്റ ആശുപത്രിയിൽ ചികിത്സയിലുള്ള സെക്യൂരിറ്റി ഗാർഡിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്നും ഫ്രഞ്ച് എംബസി പത്രക്കുറിപ്പിലൂടെ അറിയിച്ചു
