2022ലെ ടൂർണമെന്റ് സ്റ്റേഡിയങ്ങളിലെ മറ്റൊരു വാസ്തുവിദ്യാ ബിംബമാണ് അൽ തുമാമ സ്റ്റേഡിയമെന്നും ഖത്തറിനും ഖത്തറിലെ പ്രത്യേക പ്രദേശങ്ങളുടെയും പ്രതീകമാണ് അൽ തുമാമ സ്റ്റേഡിയമെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പറഞ്ഞു.
ഏതാനും ആഴ്ചകൾക്കുള്ളിൽ ഖത്തർ സംഘടിപ്പിക്കുന്ന 2021 ഫിഫ അറബ് കപ്പിന്റെ മത്സരങ്ങളിൽ പങ്കെടുക്കാനും ഒരു വർഷത്തിനുള്ളിൽ അറബ് ലോകത്തും മിഡിൽ ഈസ്റ്റിലും നടക്കുന്ന ലോകകപ്പിന്റെ ആദ്യ പതിപ്പിന്റെ മത്സരങ്ങൾ ആസ്വദിക്കാനും ഇൻഫാന്റിനോ ആഗ്രഹം പ്രകടിപ്പിച്ചു.
ഖത്തർ ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഫിഫ ലോകകപ്പിന്റെ തിരശ്ശീല മൂടുന്നതുവരെ അത് അവസാനിക്കില്ലെന്നും അൽ തുമാമ സ്റ്റേഡിയം രാജ്യത്തിന് ഏറെ പ്രാധാന്യമേറിയതാണെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ അഭിപ്രായപ്പെട്ടു. ഏതാനും ആഴ്ചകൾക്കുള്ളിൽ ആദ്യത്തെ ഫിഫ പാൻ-അറബ് ഫുട്ബോൾ ടൂർണമെന്റ് ഇവിടെ നടക്കുന്നതും മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ഫിഫ ലോകകപ്പിന് സാക്ഷ്യം വഹിക്കാനും ഏറെ കാത്തിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ ഒപ്പം ഇന്ന് ഇവിടെയെത്തിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഖത്തറിന്റെ പരിശ്രമങ്ങൾക്ക് വ്യക്തിപരമായി നന്ദി പറയാനുള്ള അവസരം ലഭിച്ചതിൽ ഞാൻ സന്തോഷിക്കുന്നു. 2022 ലേത് ഏറ്റവും മികച്ച ഫിഫ ലോകകപ്പ് ആവുമെന്നതിൽ അതിശയിക്കാനില്ല.” ഇൻഫാന്റിനോ കൂട്ടിച്ചേർത്തു.
