ഖത്തർ ഫാംസ്, പ്രീമിയം ഖത്തരി വെജിറ്റബിൾസ് പ്രോഗ്രാമുകൾ വഴി നവംബറിൽ 485 ടൺ പ്രാദേശിക പച്ചക്കറികൾ വിറ്റഴിച്ചതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.
ഇതിൽ 376 ടൺ പ്രീമിയം ഖത്തരി വെജിറ്റബിൾസ് പ്രോഗ്രാമിലൂടെയും 109 ടൺ ഖത്തർ ഫാംസ് സംരംഭത്തിലൂടെയും വിപണനം ചെയ്തു.
ലുലു ഹൈപ്പർമാർക്കറ്റ്, കാരിഫോർ, അൽ മീര തുടങ്ങിയ ഖത്തറിലെ പ്രധാന വാണിജ്യ സമുച്ചയങ്ങളിൽ ഉൽപ്പന്നങ്ങൾ വർഷം മുഴുവനും ലഭ്യമാണ്.
വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ സഹകരണത്തോടെ കാർഷിക കാര്യ വകുപ്പിനെ പ്രതിനിധീകരിക്കുന്ന മുനിസിപ്പാലിറ്റി മന്ത്രാലയമാണ് രണ്ട് മാർക്കറ്റിംഗ് പ്രോഗ്രാമുകളുടെ മേൽനോട്ടം വഹിക്കുന്നത്.
ഉപഭോക്തൃ സമുച്ചയങ്ങളിൽ ഖത്തറി പച്ചക്കറികൾ വിപണനം ചെയ്യുന്നതിനും കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിനുമായി മുനിസിപ്പാലിറ്റി മന്ത്രാലയം രണ്ട് പരിപാടികൾ ആരംഭിച്ചിരുന്നു. ഖത്തറിലെ കർഷകർക്ക് അവരുടെ പ്രാദേശിക ഉൽപ്പാദനത്തിലൂടെയുള്ള ഉയർന്ന ഗുണമേന്മയുള്ള പച്ചക്കറികൾ മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് യാതൊരു ഇടനിലക്കാരനുമില്ലാതെ പ്രദർശിപ്പിക്കാനുള്ള അവസരമാണ് പരിപാടികൾ നൽകുന്നത്.
ഖത്തറി പച്ചക്കറികളുടെ പ്രാദേശിക വിപണന രീതികൾ മെച്ചപ്പെടുത്തുക, രാജ്യത്ത് പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികളുടെ ആവശ്യം വർധിപ്പിക്കുക, ഉൽപ്പാദന നഷ്ടം പരമാവധി കുറയ്ക്കുക, കാർഷിക മേഖലയിലെ നിക്ഷേപം വർധിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ഖത്തറിലെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക എന്നിവയാണ് പരിപാടികൾ ലക്ഷ്യമിടുന്നത്.
