കോവിഡ് കേസുകൾക്ക് കുറവില്ലാതെ തുടരുന്ന സാഹചര്യത്തിൽ കോവിഡ് നിയമലംഘനം നടത്തുന്നവർക്കെതിരെ പോലീസ് നടപടി തുടരുകയാണ്. ഇതിന്റെ ഭാഗമായി കോവിഡ് മുൻകരുതൽ മാനദണ്ഡങ്ങൾ പിൻതുടരാതെ ലംഘനം നടത്തിയ 269 പേർക്കെതിരെ കേസുകൾ റിപ്പോർട്ട് ചെയ്തു.
ഇവർക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ നടപടികൾ കൈക്കൊള്ളുമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകുന്നത്. കോവിഡ് നിയമലംഘനം നടത്തിയ 269 പേരിൽ 240പേർ മാസ്ക് വെക്കാതെ പുറത്തിറങ്ങിയതിനും 23 പേർക്കെതിരെ സാമൂഹിക അകലം പാലിക്കാത്തതിനുമാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ എത്രാസ് അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാത്ത 5 പേർക്കെതിരെയും വാഹനത്തിൽ കൂടുതൽ ആളുകളെ കയറ്റിയതിനു ഡ്രൈവറടക്കം 4 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഖത്തറിൽ ഇതുവരെ ആയിരത്തോളം കേസുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനെതിരെ എടുത്തിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാനും മാസ്ക് ധരിക്കുന്നതിനും സാമൂഹിക അകലം പാലിക്കാനും വാഹനങ്ങളിൽ അനുവദനീയമായ ആളുകളെ മാത്രം കയറ്റാനുമാണ് കോവിഡ് കേസുകളുടെ എണ്ണം കുറക്കാൻ ആഭ്യന്തരമന്ത്രാലയം ജനങ്ങളോട് പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നത്.
